യുക്രെയിനിൽ പുലികളെ കൈവിടാതെ ഇന്ത്യൻ ഡോക്ടർ, അതും വൈറലായി

യുദ്ധത്തെ തുടർന്ന് മലയാളികൾ ഉൾപ്പെടെ ഉക്രെയ്നിൽ നിന്നും പലായനം ചെയ്യുന്ന കാഴ്ചയാണ് മാധ്യമങ്ങളിൽ നിറയുന്നത് ‘ തങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടി രക്ഷപ്പെടുത്തി സ്വന്തം നാട്ടിൽ ലാൻഡ് ചെയ്ത ഇന്ത്യൻ വിദ്യാർത്ഥികളെ കുറിച്ചുള്ള റിപ്പോർട്ടുകളും നിരവധിയാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു ഇന്ത്യൻ ഡോക്ടർ ഇപ്പോഴും തന്റെ വളർത്തു മൃഗങ്ങളുടെ രക്ഷയോർത്ത് ഇപ്പോഴും യുക്രെയിനിൽ തുടരുകയാണ്. മറ്റുള്ളവർ ചെയ്തതു പോലെ ഈ ഡോക്ടർക്ക് തന്റെ വളർത്തു മൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യാനാകില്ല. അങ്ങനെ ഒരു സാഹസത്തിന് അദ്ദേഹം മുതിർന്നാൽ, വിമാനത്താവളത്തിലെ സകലരും പേടിച്ചോടും. കാരണം, ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ ഗിരികുമാറിന് കരുത്തരായ രണ്ടു പുലികളാണ് കൂട്ടിനുള്ളത്. ഒന്നു കരിമ്പുലിയാണെങ്കിൽ രണ്ടാമത്തെത് പുള്ളിപ്പുലിയാണ്.തന്റെ വളർത്തുമൃഗങ്ങളായ  പുലികളുമൊത്ത് വീട്ടിലെ അണ്ടർ ഗ്രൗണ്ടിൽ കഴിയുകയാണ് അദ്ദേഹം.

ഉക്രെയിനിലെ കൈവ് മൃഗശാലയിൽ നിന്നാണ് രണ്ട് പുലികളെയും ഗിരികുമാർ പാട്ടീൽ വാങ്ങിയിരിക്കുന്നത്. യുദ്ധം എത്ര രൂക്ഷമായാലും വളർത്തുമൃഗങ്ങളില്ലാതെ വീട്ടിൽ നിന്ന് പോകില്ലെന്നാണ് ബി.ബി.സി ലേഖകനോട് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

                   കിഴക്കൻ ഉക്രെയ്നിലെ, ഡോൺബാസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സെവെറോഡോനെറ്റ്സ്ക് എന്ന ചെറുപട്ടണത്തിൽ ഗിരികുമാർ താമസിക്കാൻ തുടങ്ങിയിട്ട് കഴിഞ്ഞ ആറ് വർഷത്തിലേറെയായി.

യുദ്ധം ആരംഭിച്ചതിന് ശേഷം, അവിവാഹിതനായ ഗിരി തന്റെ ഭക്ഷണം വാങ്ങാൻ വേണ്ടി മാത്രമാണ് ഇടുങ്ങിയ നിലവറയിൽ നിന്നും ഇറങ്ങുന്നത്. അപ്പോൾ വീടിനു കാവലായി ഇരു പുലികളുമുണ്ടാകും.ആൺ പുലിക്ക് 20 മാസം പ്രായമുണ്ട്, പെൺ പുലിക്കാവട്ടെ ആറ് മാസം പ്രായമേയൊള്ളൂ. കർഫ്യൂ അതിരാവിലെ അവസാനിക്കും. അയൽ ഗ്രാമങ്ങളിൽ നിന്ന് 23 കിലോ ആടുകൾ, ടർക്കി, കോഴി ഇറച്ചി എന്നിവ സാധാരണയേക്കാൾ, നാലിരട്ടി വിലയ്ക്ക് വാങ്ങിയാണ് ഗിരി നിലവിൽ നൽകുന്നത്. തങ്ങൾക്ക് ചുറ്റും ധാരാളം ബോംബാക്രമണങ്ങൾ നടക്കുന്നതിനാൽ പുലികൾ വല്ലാതെ ഭയപ്പെടുന്നതായും ഡോക്ടർ വ്യക്തമാക്കി. തനിക്ക് അവരെ ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ലന്നും, ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും അത് പുലികൾക്കൊപ്പം ആയിരിക്കുമെന്നാണ് 40 കാരനായ ഗിരികുമാർ പാട്ടീൽ ബിബിസിയോട് വ്യക്തമാക്കിയിരിക്കുന്നത്.

“ഇത് താൻ അഭിമുഖീകരിക്കുന്ന രണ്ടാമത്തെ യുദ്ധമാണ്. ഭയാനകമായ അവസ്ഥയാണിത്” അദ്ദേഹം ചൂണ്ടിക്കാട്ടി.

വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, 2014 മുതൽ റഷ്യൻ പിന്തുണയുള്ള വിമതർ ഉക്രേനിയൻ സൈനികരുമായി പോരാടുന്ന ലുഹാൻസ്കിലാണ് മുൻപ് ഗിരി താമസിച്ചിരുന്നത്. അതു കൊണ്ട് തന്നെ വെടിയൊച്ചകൾ അദ്ദേഹത്തിന് പുത്തരിയല്ല. ഈ മേഖലയിലെ യുദ്ധത്തിനിടെ അദ്ദേഹത്തിന്റെ വീടും പ്രദേശത്ത് തുറന്ന ഒരു ഇന്ത്യൻ റെസ്റ്റോറന്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌.തുടർന്നാണ് അദ്ദേഹം 100 കിലോമീറ്റർ (62 മൈൽ) അകലെയുള്ള സെവെറോഡോനെറ്റ്സ്കിലേക്ക് മാറിയിരുന്നത്, ഇവിടെ സ്ഥലം വാങ്ങി, വൈദ്യപരിശീലനം ആരംഭിച്ചപ്പോൾ, ഉക്രെയിൻകാരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. മാതാപിതാക്കൾ ഗിരിയെ വിളിച്ച് വീട്ടിലേക്ക് വരാൻ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും, അരുമകളായ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ലന്ന് ഡോക്ടർ തീർത്തു പറയുകയാണ് ഉണ്ടായത്.

2007ൽ, മെഡിസിൻ പഠനത്തിനായാണ് ഗിരി ഉക്രൈനിലെത്തിയിരുന്നത്.2014 മുതൽ, അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നുണ്ട്. നിലവിൽ സർക്കാർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്, ഈ ആശുപത്രി യുദ്ധം ആരംഭിച്ചതിന് ശേഷം അടച്ചുപൂട്ടിയ അവസ്ഥയാണുള്ളത്. പ്രൈവറ്റ് പ്രാക്ടീസുള്ളതിനാലാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്.

മൃഗങ്ങൾക്കായി പ്രത്യേകം ഒരുക്കിയ ചെറിയ ചുറ്റുമതിലുള്ള ആറ് മുറികളുള്ള ഇരുനില വീട്ടിലാണ് പാട്ടീൽ താമസിക്കുന്നത്. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും വളർത്തുമൃഗങ്ങൾക്കായി തന്നെയാണ് ഗിരി ചിലവഴിക്കുന്നത്. രണ്ട് പുലികൾക്കു പുറമെ, മൂന്ന് നായ്ക്കളും അദ്ദേഹത്തിനുണ്ട്. കൂടാതെ, തന്റെ YouTube ചാനലുകളിലൂടെ അധിക ഫണ്ട് സ്വരൂപിക്കാനും ഡോക്ടർ ശ്രമിക്കുന്നുണ്ട്.ഇതിൽ അരുമകളായ പുലികളുടെ ദൃശ്യങ്ങളും അപ് ലോഡ് ചെയ്തിട്ടുണ്ട്.

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവി പുള്ളിപ്പുലികളുമൊത്ത് അഭിനയിച്ച ഒരു സിനിമ കണ്ടതുമുതലാണ്, പുലികളോടുള്ള കമ്പം ഗിരിക്ക് തുടങ്ങിയിരുന്നത്. ഉക്രെയ്നിൽ, അര-ഡസൻ പ്രാദേശിക സിനിമകളിലും സീരീസുകളിലും ഒരു “വിദേശ” കഥാപാത്രമായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

റഷ്യയുമായുള്ള അതിർത്തി ഗിരിയുടെ വീട്ടിൽ നിന്നും കഷ്ടിച്ച് 80 കിലോമീറ്റർ മാത്രമാണുള്ളത്. അതായത്, രക്ഷപ്പെടാൻ എളുപ്പത്തിൽ കഴിയുമായിരുന്നിട്ടും പുലികളെ ഓർത്ത് അദ്ദേഹം അതിനു ശ്രമിച്ചില്ല എന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

“ഇവിടെയുള്ള ഒരേയൊരു ഇന്ത്യക്കാരനാണ് താൻ എന്നു പറയുന്നതിലും ” ഗിരീകുമാർ പാട്ടീലിന് അഭിമാനമാണുള്ളത്. തന്റെ അയൽക്കാരിൽ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തിട്ടും, അതൊന്നും കാര്യമാക്കാതെ ഇപ്പോഴും വെടിയൊച്ചകൾക്കിടയിൽ തുടരുകയാണ് ഈ യുവ ഡോക്ടർ . . .

Top