അഫ്ഗാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തുടങ്ങി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തുടങ്ങി. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച് കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയിലെ ഒഴിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേനാ വിമാനങ്ങളിലായിരിക്കും ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊണ്ടുവരുന്നത്. ഇന്നലെ എയര്‍ ഇന്ത്യ വിമാനം കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ അടിയന്തര ഒഴിപ്പിക്കലിന് അമേരിക്കയുടെ സഹായം ഇന്ത്യ തേടിയിരുന്നു.

 

Top