ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ പാക്ക് അധികൃതര്‍ പിടിച്ചെടുത്തു

ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ പാക്ക് അധികൃതര്‍ പിടിച്ചെടുത്തു.

വിസ സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയുള്ള ഹൈകമ്മിഷനിലെ ഫസ്റ്റ് സെക്രട്ടറി പീയൂഷ് സിങ്ങിന്റെ ഫോണാണ് പിടിച്ചെടുത്തത്.

തോക്കിന്‍ മുനയില്‍ നിര്‍ത്തി പാക്ക് പൗരനെ വിവാഹം കഴിക്കേണ്ടിവന്ന ഉസ്മയുടെ റിട്ട് ഹര്‍ജിയുമായി കോടതിയില്‍ പോയതായിരുന്നു നയതന്ത്രജ്ഞന്‍. ഇതിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെ, ഹൈക്കോടതി ജഡ്ജി മൊഹസീന്‍ അക്തര്‍ കയാനിയുടെ ചിത്രമെടുക്കാന്‍ പീയൂഷ് സിങ് ശ്രമിച്ചുവെന്നാണ് ആരോപണം.

അതേസമയം, താന്‍ സന്ദേശം ടൈപ്പ് ചെയ്യുകയായിരുന്നെന്നും കോടതി ദൃശ്യങ്ങളൊന്നും കാമറയില്‍ പകര്‍ത്തിയില്ലെന്നും പിയൂഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഉസ്മയ്ക്ക് ഇന്ത്യയിലേക്കു മടങ്ങാന്‍ ആവശ്യമുള്ള യാത്രാരേഖകളും മറ്റും വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിക്കാനാണു നയതന്ത്രജ്ഞന്‍ കോടതിയിലെത്തിയത്. നയതന്ത്രജ്ഞനൊപ്പം ഉസ്മയുടെ അഭിഭാഷകനായ മാലിക് ഷാ നവാസ് നൂണും ഉണ്ടായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ പാകിസ്ഥാന്‍ അനുവദിക്കാത്തത് കാരണം ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ കഴിഞ്ഞു വരികയാണ് ഉസ്മ. ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിപ്പോകുന്നതിന് വേണ്ടി ഡ്യൂപ്‌ളിക്കേറ്റ് യാത്രാ രേഖകള്‍ നല്‍കണമെന്നാണ് ഉസ്മ കോടതിയില്‍ ആവശ്യപ്പെട്ടത്.

മലേഷ്യയില്‍ വച്ചാണ് താഹിറുമായി ഉസ്മ പരിചയത്തിലായത്. പിന്നീട് തന്നെ തോക്കിന്‍മുനയില്‍ നിറുത്തി വിവാഹം കഴിക്കുകയായിരുന്നെന്ന് ഉസ്മ പറയുന്നു. വിവാഹത്തിന് ശേഷമാണ്, താഹിറിന് വേറെ ഭാര്യയും നാലു മക്കളുമുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചാണ് ഉസ്മ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ അഭയം തേടിയത്.

അതേസമയം, ഹൈക്കമ്മീഷണറുടെ ഓഫീസില്‍ ഉസ്മയെ തടഞ്ഞു വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി താഹിര്‍ അലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top