ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: അന്തരിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയറിന് ആദരാഞ്ജലികളര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ബല്‍ബീര്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചത്.

യഥാര്‍ഥ ഇതിഹാസമായിരുന്നു ബല്‍ബീര്‍ സിങ് എന്നാണ് ശാസ്ത്രി കുറിച്ച് തന്റെ മേഖലയിലെ പകുതിയോളം പോന്ന ഇതിഹാസമാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.

ബല്‍ബീര്‍ സിങ്ങിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ദുഃഖം തോന്നിയെന്ന് കുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തില്‍ പങ്കുചേരുന്നതായും കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയും അനില്‍ കുംബ്ലെയും ബല്‍ബീര്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ചു.

ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു മരണപ്പെട്ടത്.

കടുത്ത ന്യുമോണിയബാധയെ തുടര്‍ന്നാണ് ബല്‍ബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

രാജ്യത്തെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ ബല്‍ബീര്‍ ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത താരമാണ്.1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹെല്‍സിങ്കിയില്‍ ടീമിന്റെ ഉപനായകനും മെല്‍ബണില്‍ നായകനുമായിരുന്നു സിങ്.

ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിന്റെ ഫൈനലിലാണ് അഞ്ച് ഗോള്‍ നേടി സിങ് ഈ റെക്കോഡിട്ടത്.

Top