ലോകപ്രശസ്ത ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമാകാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്

സിംബാബ് വേ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമാകാനൊരുങ്ങി മലയാളിയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ലോകപ്രശസ്തമായ ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. ഈ ടൂര്‍ണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ന്‍സിലാണ് ശ്രീശാന്ത് കളിക്കുക. തന്റെ ഇന്‍സ്റ്റാ പ്രൊഫൈലില്‍ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് ശ്രീശാന്ത് ഇക്കാര്യം പങ്കുവെച്ചത്. ശ്രീശാന്തിനൊപ്പം മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയവരും ഹരാരെ ഹരിക്കേയ്ന്‍സ് ‘ ടീമിന്റെ ഭാഗമാണ്. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സര്‍ സോഹന്‍ റോയിയും ചേര്‍ന്നാണ് ‘ഹരാരെ ഹരിക്കേയ്ന്‍സ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്.

സിംബാബ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സിറ്റികളുടെ പേരിലുള്ള ഫ്രാഞ്ചൈസി ലീഗാണ് ‘സിം ആഫ്രോ ടി -ടെന്‍ ‘ എന്ന പേരില്‍ ജൂലൈ 20 മുതല്‍ ആരംഭിക്കുന്നത് . 5 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താന്‍ , പാര്‍ഥിവ് പട്ടേല്‍,സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവരും ഭാഗമാകും. ഹരാരെ ഹരിക്കേയ്ന്‍സിനൊപ്പം, ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന നാല് ടീമുകള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഡര്‍ബന്‍ ഖലന്ദര്‍സ്, കേപ് ടൗണ്‍ സാംപ് ആര്‍മി, ബുലവായോ ബ്രേവ്‌സ്, ജോബര്‍ഗ് ബഫല്ലോസ് എന്നിവയാണ് അവ. യുഎഇയിലെ T-10 ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ആണ് ‘ ടി- ടെന്‍ ‘ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കഴിഞ്ഞ സീസണുകളില്‍ ഷാര്‍ജയിലും ശ്രീലങ്കയിലും സമാനമായ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ T – 10 ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ചിരുന്നു.

Top