ട്വന്റി 20 ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ

ട്വന്റി 20 ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. രാജ്യാന്തര മത്സരങ്ങളില്‍ 3000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ഇന്നു ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ നമീബിയയ്‌ക്കെതിരേ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ബൗണ്ടറിയിലൂടെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച രോഹിത് ടൂര്‍ണമെന്റിലെ രണ്ടാമത്തെ അര്‍ധസെഞ്ചുറിയും സ്വന്തമാക്കി. 37 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 56 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ ട്വന്റി 20 യില്‍ 116 മത്സരങ്ങളില്‍ നിന്ന് 3038 റണ്‍സായി രോഹിതിന്റെ സമ്ബാദ്യം.

24 അര്‍ധസെഞ്ചുറികളും നാലു സെഞ്ചുറികളും ഹിറ്റ്മാന്റെ പേരിലുണ്ട്. 54.64 ആണ് ശരാശരി, സ്‌ട്രൈക്ക് റ്റേ്‌റ ആകട്ടെ 139.41ഉം. 118 ആണ് ഉയര്‍ന്ന സ്‌കോര്‍. രാജ്യാ്‌നതര തലത്തില്‍ രോഹിതിനു മുമ്ബ് രണ്ടുപേര്‍ മാത്രമാണ് 3000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിട്ടുള്ളു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. പിന്നീട് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും. 3227 റണ്‍സുമായി ഈ ക്ലബില്‍ കോഹ്ലിയാണ് ഒന്നാമന്‍. ഗുപ്റ്റിലിന്റെ സമ്ബാദ്യം 3115 റണ്‍സാണ്. ന്യൂസിലന്‍ഡ് ലോകകപ്പ് സെമിയില്‍ കടന്നതിനാല്‍ ഗുപ്റ്റിലിന് കോഹ്ലിയെ മറികടക്കാന്‍ ഈ ടൂര്‍ണമെന്റില്‍ തന്നെ അവസരമുണ്ട്.

Top