മാലിദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ഡൽഹി: മാലിദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള്‍ രാജ്യത്തെ ടൂറിസം സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കായി പ്രത്യേക തയാറെടുപ്പുകളൊന്നും നടത്തുന്നില്ലെന്നും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്നും ഷമി പറഞ്ഞു. മുമ്പ് ഇന്ത്യ ബാറ്റിംഗ് ടീമായിരുന്നെങ്കില്‍ കഴിഞ്ഞ നാലോ ആറോ മാസത്തിനിടെ ആളുകളുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നും ഇന്ത്യ ബൗളിംഗ് ടീം കൂടിയാണെന്ന് ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നുണ്ടെന്നും ഷമി പറഞ്ഞു.ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ മുഹമദ്ദ് ഷമിക്ക് തൊട്ടുപിന്നാലെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായിരുന്നു. ഈ മാസം 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കുമായാണ് താന്‍ ലോകകപ്പില്‍ കളിച്ചതെന്നും വേദന കുറക്കാന്‍ ഇഞ്ചക്ഷനുകള്‍ എടുത്തിരുന്നുവെന്നും ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ഷമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതും മാലദ്വീപിലെ ഒരു വിഭാഗത്തിനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രസ്താവനകളുമായി മാലദ്വീപിലെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തുകയും ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി കായികതാരങ്ങള്‍ ഇന്ത്യന്‍ ടൂറിസത്തെ പ്രമോട്ട് ചെയ്തും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്തെത്തുകയും ചെയ്തു.

Top