ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ്മ ഇനി ഉത്തര്‍പ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ്

ലഖ്‌നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ്മ ഇനി ഉത്തര്‍പ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ്. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇന്ത്യന്‍ താരത്തിന് പ്രത്യേക അംഗീകാരം നല്‍കിയത്. 26 കാരിയായ താരം ഇന്ത്യന്‍ ടീമിനായി നടത്തുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. മൂന്ന് കോടി രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ക്കാര്‍ താരത്തിന് നല്‍കി.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അംഗീകാരത്തില്‍ ദീപ്തി ശര്‍മ്മ നന്ദി അറിയിച്ചു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ജതിന്‍ കുശ്വാഹ, യാഷ് കുമാര്‍ എന്നിവര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബഹുമതി ലഭിച്ചു. ഇരുവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതമാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ദീപ്തി ശര്‍മ്മ അംഗമായ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലായിരുന്നു നേട്ടം. 2023 ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ദീപ്തി ശര്‍മ്മയാണ് സ്വന്തമാക്കിയത്.

Top