കാര്യവട്ടം ഏകദിനം; വെസ്റ്റ് ഇൻഡീസിനെതിരെ 9 വിക്കറ്റിന് ഇന്ത്യയ്ക്ക് ജയം

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര ഇന്ത്യ 3-1 നാണ് സ്വന്തമാക്കിയത്.

105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെടുത്തിയത്. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കൊഹ്‌ലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45 പന്തില്‍ നിന്നുമാണ് രോഹിത് അമ്പത് തികച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

ഓഷേന്‍ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍ പുറത്തായിരുന്നു. ആറ് റണ്‍സാണ് ധവാന് എടുക്കാന്‍ സാധിച്ചത്. എന്നാല്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കൊഹ്‌ലിയും ചേര്‍ന്ന് അനായാസം ഇന്ത്യയെ ജയത്തില്‍ എത്തിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്തായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.

Top