ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായെന്ന് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: എം.എസ് ധോണിയെ ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണമറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ”വിരമിക്കലെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. എന്നുവരെ നിങ്ങള്‍ക്ക് കളിക്കണമെന്ന് തോന്നുന്നുവോ അന്നു വരെ കളിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ നിങ്ങള്‍ ഭാവിയിലേക്കുകൂടി നോക്കേണ്ടതുണ്ട്. ധോണി അടുത്ത ലോകകപ്പ് കളിക്കുന്ന കാര്യം ഞാന്‍ ചിന്തിക്കുന്നു കൂടിയില്ല” എന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

”ക്യാപ്റ്റന്‍ വിരാടോ ആരുമാകട്ടെ ഒരു കളിക്കാരന്‍ തങ്ങളുടെ പദ്ധതികളിലേക്ക് യോജിക്കുന്നില്ലെന്നു പറയാനുള്ള ധൈര്യം കാണിക്കണം. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത് ധോണിയുടെ കാര്യമല്ല, രാജ്യത്തിന്റെ കാര്യമാണ്. ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായി റിഷഭ് പന്തിനോ സഞ്ജു സാംസണോ അവസരം നല്‍കണം” എന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം സൈനിക സേവനത്തിനായി അവധിയില്‍ പ്രവേശിച്ച ധോണി ഈ വര്‍ഷം നവംബര്‍ വരെ ടീമിലേക്കു തിരിച്ചെത്തില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വിജയ് ഹസാരെ ട്രോഫി, ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര എന്നിവയില്‍ ധോണി കളിക്കളത്തിലേക്കിറങ്ങില്ല. ഡിസംബറില്‍ നടക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലായിരിക്കും ഇനി ധോണി മടങ്ങിയെത്തുകയെന്നാണ് സൂചന.

Top