ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സുനില്‍ ഗാവസ്‌കര്‍

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മുംബൈയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിക്കുക. 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനാണ് സാധ്യത. വിരാട് കോലി നയിക്കുന്ന ടീമില്‍ ആരൊക്കെ ഇടംപിടിക്കും എന്ന ചര്‍ച്ച മുറുകിയിരിക്കേ തന്റെ സ്‌ക്വാഡിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇതിഹാസ താരവും ഇന്ത്യന്‍ മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കര്‍.

ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണം എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍. പാണ്ഡ്യ സഹോദരന്‍മാര്‍ക്കും ടീമില്‍ ഇടം നല്‍കിയപ്പോള്‍ പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന ശ്രേയസ് അയ്യര്‍ക്ക് അവസരമില്ല. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലെ മറ്റ് ഓള്‍റൗണ്ടര്‍മാര്‍. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് നിലയുറപ്പിക്കുന്നു. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, മുഹമ്മദ് ഷമി എന്നിങ്ങനെ അഞ്ച് പേസര്‍മാരുള്ള ടീമില്‍ യുസ്വേന്ദ്ര ചാഹലാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍.

രോഹിത് ശര്‍മ്മ, വിരാട് കോലി(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ്. യുഎഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പ് തുടങ്ങുക.

 

Top