അർധ സെഞ്ചുറിയുമായി പുജാര; വമ്പന്‍ ലീഡ് ലക്ഷ്യമാക്കി ഇന്ത്യ

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ മികച്ച ലീഡ് ലക്ഷ്യമാക്കി മുന്നേറുകയാണ് ഇന്ത്യ. മൂന്നാം ദിനം കളി നിർത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 257 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യക്കിപ്പോൾ. ചേതേശ്വർ പുജാരയും (50), റിഷഭ് പന്തുമാണ് (30) ക്രീസില്‍. പുജാര 139 പന്തുകള്‍ നേരിട്ടാണ് അർദ്ധസെഞ്ച്വറിയുമായി ക്രീസ്സിലുള്ളത്.

132 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡില്‍ 43 റണ്‍സ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്‍മാന്‍ ഗില്ലും മൂന്നാമന്‍ ഹനുമാ വിഹാരിയും പവലിയനിലെത്തി. 3 പന്തില്‍ 4 റണ്‍സെടുത്ത ഗില്ലിനെ ജിമ്മി ആന്‍ഡേഴ്സണും 44 പന്തില്‍ 11 റണ്‍ നേടിയ ഹനുമാ വിഹാരിയെ സ്റ്റുവർട്ട് ബ്രോഡുമാണ് മടക്കിയത്.

ഒരിക്കല്‍ക്കൂടി നിറംമങ്ങിയ കോലി 40 പന്തില്‍ 20 റണ്‍സുമായി ബെന്‍ സ്റ്റോക്സിന് അടിയറവുപറഞ്ഞു. ഇതോടെ 75-3 എന്ന നിലയിലായ ഇന്ത്യക്കായി ക്രീസില്‍ മികച്ച ലീഡിനായി പൊരുതുകയാണ് ചേതേശ്വർ പുജാരയും റിഷഭ് പന്തും.

Top