വിന്‍ഡീസ് പരമ്പരയിലും സഞ്ജു ഔട്ട്; കാരണം അന്വേഷിച്ച് ആരാധകരും, പണ്ഡിതരും

‘ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വെള്ളക്കുപ്പി ചുമന്ന് മൈതനാത്ത് ഓടിയെത്തിയ രീതി ശരിയായില്ല’, ഇതാണ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണ് വെസ്റ്റിന്‍ഡീസ് എതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരിക്കാന്‍ കാര്യമെന്നാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെ പരിഹാസം. ഇത്തരത്തില്‍ ആരാധകരും, ക്രിക്കറ്റ് പണ്ഡിതരും സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെ രൂക്ഷമായി ചോദ്യം ചെയ്ത് വരികയാണ്.

ഡിസംബര്‍ 6ന് വിന്‍ഡീസിന് എതിരായ പരമ്പരയ്ക്ക് തുടക്കമാകും. എന്നാല്‍ ടീം സെലക്ഷനില്‍ ഒരുവട്ടം കൂടി സഞ്ജുവിനെ തള്ളി ഋഷഭ് പന്തില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍. ബംഗ്ലാദേശിന് എതിരായ പരമ്പരയില്‍ ബാറ്റിലും, വിക്കറ്റിന് പിന്നിലും മോശം പ്രകടനം നടത്തിയിട്ടും പന്തിന് പകരം ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ല. ഇതിന് പിന്നാലെ പുതിയ ടീം പ്രഖ്യാപനത്തില്‍ ഒഴിവാക്കുക കൂടി ചെയ്തതോടെ സഞ്ജു പുഞ്ചിരിക്കുന്ന ഒരു ഇമോജി പങ്കുവെച്ചാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.

ഇതോടെ ഈ പുഞ്ചിരി കൊണ്ട് സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതുകൊണ്ടൊന്നും പരിശീലനം കുറച്ച് വിഷമിച്ച് ഇരിക്കേണ്ടെന്ന് ഇവര്‍ കുറിച്ചു. ക്രിക്കറ്റ് പണ്ഡിതരും സഞ്ജുവിനെ ഒഴിവാക്കി പന്തിനെ പൊക്കിയതിനെ വിമര്‍ശിച്ചു. ‘ഒരു മത്സരം പോലും കളിക്കാതെ സഞ്ജു വിന്‍ഡീസ് പരമ്പരയില്‍ നിന്നും പുറത്ത്. താരത്തിന്റെ മാനസികാവസ്ഥയെ ഇത് ബാധിക്കാതിരിക്കട്ടെ. ഇനിയെങ്കിലും പന്ത് നല്ല പ്രകടനം കാഴ്ചവെച്ചാല്‍ മതി’, ക്രിക്കറ്റ്‌വാല കുറിച്ചു.

സഞ്ജുവിനോട് ചെയ്ത ഈ തീരുമാനം കടുപ്പമാണെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ പ്രതികരിച്ചു. വെറുതെ യാത്ര ചെയ്യുന്നതിലും ഭേദം മത്സരങ്ങള്‍ കളിക്കുന്നതാണ്. ഋഷഭ് പന്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു, ടീം കൂടുതല്‍ പ്രതീക്കുന്നുണ്ട്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്തായാലും സഞ്ജുവിന്റെ വേദനയില്‍ സെലക്ടര്‍മാരെ കുത്തിനോവിക്കാന്‍ ആരാധകര്‍ മറക്കുന്നില്ല.

Top