ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘം പാകിസ്താനില്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്(ബി.സി.സി.ഐ) സംഘം പാകിസ്താനില്‍. വാഗാ അതിര്‍ത്തി വഴിയാണു സംഘം പാകിസ്താനിലെത്തിയത്. പ്രസിഡന്റ് റോജര്‍ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഉള്‍പ്പെടെ പ്രമുഖരാണ് കൂട്ടത്തിലുള്ളത്.

ഏഷ്യാ കപ്പിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് രാജീവ് ശുക്ല പറഞ്ഞു. ഏഷ്യാ കപ്പ് നടക്കുകയാണ്. ശ്രീലങ്കയിലേക്കും ഞങ്ങള്‍ പോയിരുന്നു. ആതിഥേയരാജ്യമെന്ന നിലയിലാണ് പാകിസ്താനിലും പോകുന്നതെന്നും ശുക്ല പറഞ്ഞു. പാകിസ്താന്‍ അവരുട ഹോംഗ്രൗണ്ടില്‍ കളിക്കുന്നതു കാണാനാണു പോകുന്നതെന്ന് റോജര്‍ ബിന്നി പ്രതികരിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ലാഹോറിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനാണ് ആതിഥേയരാജ്യമെങ്കിലും ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ കൂടി മത്സരം നടത്താന്‍ തീരുമാനമായത്. പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്ക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. നാല് മത്സരങ്ങള്‍ പാകിസ്താനിലും ബാക്കി ഒന്‍പതു മത്സരങ്ങള്‍ ശ്രീലങ്കയിലുമാണു നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് ശ്രീലങ്കയിലാണ്.അതേസമയം, ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്താന്‍ പാകിസ്താന്‍ ഭരണകൂടം ദേശീയ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കിയിട്ടുണ്ട്.

Top