ഇന്ത്യന്‍ ക്രിക്കറ്റിലെ ശതകോടീശ്വരന്‍ ആര്യമന്‍ ബിര്‍ല; ആസ്തി 70,000 കോടി

ന്ത്യന്‍ ക്രിക്കറ്റിലെ അതിസമ്പന്നന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നുമല്ല. ആ ശതകോടീശ്വരന്‍ മധ്യപ്രദേശുകാരനായ ഒരു യുവതാരമാണ്. 2018ല്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ആര്യമന്‍ ബിര്‍ലയ്ക്കാണ് നിലവില്‍ കൂടുതല്‍ ആസ്തിയുള്ളത്. 70,000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ക്രിക്കറ്റ് കരിയറില്‍നിന്ന് സമ്പാദിച്ച സ്വത്തില്‍നിന്ന് കോടീശ്വരനായതല്ല 26കാരനായ ആര്യമന്‍. സാക്ഷാല്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ലയുടെ മകനാണ് താരം. 2018ല്‍ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് ഐ.പി.എല്‍ ടീം രാജസ്ഥാന്‍ ആര്യമനെ ടീമിലെടുത്തിരുന്നത്. രാജസ്ഥാനുവേണ്ടി കളത്തിലിറങ്ങാനായില്ലെങ്കിലും മധ്യപ്രദേശിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആര്യമന്‍ ബിര്‍ലയ്ക്കായിട്ടുണ്ട്.

2017-18 രഞ്ജി സീസണിലാണ് താരം രഞ്ജി അരങ്ങേറ്റം കുറിക്കുന്നത്. 2018ല്‍ ആദ്യ ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയും സ്വന്തമാക്കി. ഒന്‍പത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍നിന്നായി ഇതിനകം 414 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഓരോ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും. മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് കായികരംഗത്തുനിന്ന് തല്‍ക്കാലത്തേക്ക് ഇടവേളയെടുത്തിരിക്കുകയാണ് നിലവില്‍ ആര്യമന്‍ ബിര്‍ല. 4.95 കോടി ലക്ഷം രൂപയാണ് ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ആസ്തി. ഗ്രാസിം, ഹിന്‍ഡാല്‍ക്കോ, ആദിത്യ ബിര്‍ല ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍, ആദിത്യ ബിര്‍ല കാപിറ്റല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ആദിത്യ ബിര്‍ല ബിസിനസ് ശൃംഖല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഡയരക്ടര്‍മാരായി ആര്യമന്‍ ബിര്‍ലയും സഹോദരി അനന്യ ബിര്‍ലയും നിയമിതരാകുന്നത്.

Top