ഇന്ത്യൻ കോൺസുലേറ്റ് അക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്; അന്വേഷിക്കുമെന്ന് നയതന്ത്ര വിഭാഗം

വാഷിം​ഗ്ടൺ: സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നുവെന്ന് വൈറ്റ് ഹൌസ്. അമേരിക്കയുടെ നയതന്ത്ര സുരക്ഷാ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണെന്നും വൈറ്റ് ഹൌസിന്റെ ദേശീയ സുരക്ഷാ വക്താവ് ജോൺ കെർബി പറഞ്ഞു. അമൃത്പാൽ സിങിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം ഉണ്ടായത്.

ബ്രിട്ടനും അമേരിക്കയ്ക്കും പിന്നാലെ ഖാലിസ്ഥാൻ അനുകൂലികൾ കാനഡയിലും ഇന്ത്യയ്ക്ക് എതിരെ പ്രകോപനം സൃഷ്ടിക്കുകയാണ്. കാനഡയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ പങ്കെടുക്കുന്ന പരിപാടി നടക്കേണ്ട സ്ഥലത്തും ഖാലിസ്ഥാൻ അനുകൂലികൾ പ്രകോപനം ഉണ്ടാക്കി. ഇന്ത്യൻ കോൺസുലേറ്റിലെ ഖലിസ്ഥാൻവാദികളുടെ അതിക്രമത്തിൽ ഇന്ത്യയിലെ യു എസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നയതന്ത്ര മേഖലയുടെ സുരക്ഷ യുഎസ് സർക്കാരിന്റെ ബാധ്യതയെന്നും ഇന്ത്യ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി അധികൃതരും അമേരിക്കൻ സ്റ്റേറ്റ് വകുപ്പിനോട് പ്രതിഷേധം അറിയിച്ചു. ഇന്ത്യയിൽ ഖലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്തു. ചില കനേഡിയൻ സർക്കാർ അധികൃതരുടെ അക്കൗണ്ടുകൾക്കും വിലക്ക് ഏർപ്പെടുത്തി.

Top