രാജ്യതാൽപ്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യൻ പൗരൻമാരും നിലപാട് എടുക്കേണ്ടത്

രു രാജ്യത്തിന്റെയും ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലന്നത് ജനാധിപത്യ ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. അതിന് അനുസരിച്ച് ജീവിക്കാന്‍ വിദേശത്തുള്ള എല്ലാ ഇന്ത്യന്‍ പൗരന്‍മാരും ബാധ്യസ്ഥരാണ്. സിറിയയില്‍ മാത്രമല്ല യുക്രെയിനിലായാലും ഇന്ത്യന്‍ പൗരന്‍മാര്‍ ആയുധമെടുത്ത് പോരാടുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇപ്പോള്‍, തമിഴ്‌നാട് സ്വദേശിയായ ഒരു വിദ്യാര്‍ഥി റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത സുഹൃത്ത് രാജ്യമായ റഷ്യക്കെതിരെയാണ് ഈ ഇന്ത്യക്കാരന്‍ തോക്ക് ചൂണ്ടുന്നത്. ഇതും രാജ്യദ്രോഹം തന്നെയാണ്.

ഇന്ത്യ ഒരു കാലത്തും റഷ്യക്കെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. തിരിച്ച് റഷ്യയും ആ നിലപാട് തന്നെയാണ് സ്വീകരിച്ചു വരുന്നത്. കടപ്പാടിന്റെ കാര്യം പരിശോധിച്ചാല്‍ ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുന്ന രാജ്യവും റഷ്യയോടാണ്. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ തുടരുന്ന ശക്തമായ ബന്ധമാണിത്. ഇതൊന്നും യുക്രെയിന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ് നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രന് അറിയില്ലങ്കില്‍ ചരിത്രം പഠിക്കാന്‍ തയ്യാറാകണം അതല്ലങ്കില്‍ അയാളുടെ മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കണം.

ഇന്ത്യ-പാക്ക് യുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ സഹായിച്ചിരുന്നില്ലങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ അവസ്ഥ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്. പാക്കിസ്ഥാനെ സഹായിക്കാന്‍ കുതിച്ചെത്തിയ അമേരിക്കയുടെ നാവിക സേനയെ തുരത്തി ഓടിച്ചത് സോവിയറ്റ് യൂണിയന്റെ പടകപ്പലുകളാണ്. അതു മാത്രമല്ല ഇപ്പോഴും ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശേഖരത്തില്‍ 70 ശതമാനവും റഷ്യയുടേതാണ്. റഷ്യ ഇല്ലാത്ത ഒരവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് കഴിയുകയില്ല. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ റഷ്യ നല്‍കുന്ന സഹായവും രാജ്യത്തിന് വിസ്മരിക്കാന്‍ കഴിയുന്നതല്ല. വിശ്വസിക്കാന്‍ പറ്റാത്ത പങ്കാളി എന്ന നിലയില്‍ മാത്രമേ അമേരിക്കയെ ഇപ്പോഴും വിലയിരുത്താന്‍ കഴിയുകയൊള്ളൂ.

പാക്കിസ്ഥാനൊപ്പം നിന്ന ആ രാജ്യം ഇപ്പോള്‍ ഇന്ത്യയോട് സഹകരിക്കുന്നത് കേവലം കച്ചവട താല്‍പ്പര്യം മുന്‍ നിര്‍ത്തി മാത്രമാണ്. യുക്രെയിനെ യുദ്ധത്തിലേക്ക് തള്ളിവിട്ട് കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതുപോലെ അടുപ്പക്കാരായ രാജ്യങ്ങളെ കുഴപ്പത്തില്‍ ചാടിച്ച് അതില്‍ നിന്നും മുതലെടുപ്പ് നടത്തുക എന്നതു മാത്രമാണ് അമേരിക്കയുടെ തന്ത്രം. അവര്‍ ലക്ഷ്യമിടുന്നത് ആയുധ കച്ചവടം മാത്രമാണ്. റഷ്യയെ മറ്റു രാജ്യങ്ങളെ മുന്‍ നിര്‍ത്തി സാമ്പത്തികമായി തകര്‍ക്കുക എന്നതും അമേരിക്കയുടെ അജണ്ടയാണ്. ആയുധമെടുത്ത് നേര്‍ക്കു നേര്‍ പോരാടാന്‍ ധൈര്യമില്ലാത്തവന്റെ തരം താണ പ്രവര്‍ത്തിയാണിത്.

ഇപ്പോള്‍ യുക്രെയിനെ മുന്‍ നിര്‍ത്തി കളിക്കുന്നതും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും എല്ലാം അമേരിക്കയാണ്. ഇതിനു കുടപിടിക്കേണ്ട ആവശ്യം ഒരു ഇന്ത്യന്‍ പൗരനുമില്ല. അതു കൊണ്ടു കൂടിയാണ് റഷ്യക്കെതിരെ ആയുധമെടുത്ത ഇന്ത്യക്കാരനെയും ഇപ്പോള്‍ വിമര്‍ശിക്കേണ്ടി വരുന്നത്. പാക്കിസ്ഥാന് യുദ്ധ ടാങ്കുകള്‍ ഉള്‍പ്പെടെ നല്‍കി സഹായിച്ച രാജ്യം കൂടിയാണ് യുക്രെയിന്‍ എന്നതും സായ് നികേഷ് ഓര്‍ക്കുന്നതു നല്ലതാണ്. ഈ വിഷയത്തില്‍ പാര്‍ലമെന്റംഗം കാര്‍ത്തി ചിദംബരം പങ്കുവച്ച അഭിപ്രായവും നാം വിലയിരുത്തുക തന്നെ വേണം. കാരണം ആ അഭിപ്രായത്തിലും ചില ശരികളുണ്ട്.

‘ഒരു മുസ്‌ലിം വിദ്യാര്‍ഥി അസദിനെതിരെ യുദ്ധം ചെയ്യാന്‍ സിറിയയിലും അമേരിക്കക്കെതിരെ യുദ്ധം ചെയ്യാന്‍ ഇറാഖിലും പോയാല്‍ അവനെ നമ്മള്‍ ജിഹാദി എന്നല്ലേ വിളിക്കുക എന്നു ചോദിച്ച കാര്‍ത്തി പിന്നെ എങ്ങനെയാണ് യുക്രെയിനില്‍ പോയാല്‍ അംഗീകരിക്കാനാവുക എന്നാണ് ചോദിച്ചിരിക്കുന്നത്. യുക്രെയിനിലെ ജയിലുകളില്‍ നിന്നും തുറന്നുവിട്ട തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകളുമൊത്താണ് യുെ്രെകന്‍ സൈന്യം റഷ്യക്കെതിരെ പട നയിക്കുന്നത് എന്നതിനാല്‍ ഈ അഭിപ്രായ പ്രകടനത്തെ നമുക്കൊരിക്കലും പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയുകയില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ പങ്കെടുക്കരുതെന്നും അത് വളരെ അപകടകരമാണെന്നുമുള്ള കാര്‍ത്തിയുടെ നിലപാട് നൂറുശതമാനവും ശരിയാണ്. സിറിയയില്‍ മാത്രമല്ല യുക്രെയിനിലും ഒരിക്കലും ഇന്ത്യന്‍ രക്തം വീഴാന്‍ പാടില്ല.

യുദ്ധവുമായി ബന്ധപ്പെട്ട് നിലവില്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും വാദങ്ങള്‍ മാത്രമാണ് ലോകത്ത് പ്രചരിക്കുന്നത്. പാശ്ചാത്യ മാധ്യമങ്ങളില്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഉള്ള സ്വാധീനമാണ് ഇതിനു പ്രധാന കാരണം. ഇറാഖ് യുദ്ധത്തില്‍ നാം മറുവശം അറിഞ്ഞതു തന്നെ അല്‍ ജസീറ എന്ന മാധ്യമം അപ്പുറം ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ്. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ റഷ്യന്‍ നിലപാട് ആ രാജ്യത്തെ മാധ്യമങ്ങള്‍ക്കപ്പുറം ഒരു മാധ്യമവും കാര്യമായി പുറത്തു വിടുന്നില്ലന്നതും യാഥാര്‍ത്ഥ്യമാണ്.

ബി.ബി.സി, സി.എന്‍.എന്‍, ഫോക്‌സ് ന്യൂസ്, റോയിട്ടേഴ്‌സ്, എ.പി, എ.എഫ്.പി തുടങ്ങി ലോകത്തെ പ്രധാന മാധ്യമ ശൃംഖലകളിലെല്ലാം അമേരിക്കന്‍ താല്‍പ്പര്യങ്ങളാണ് പ്രകടമാകുന്നത്. ഈ സ്വാധീനം ദൗര്‍ഭാഗ്യവശാല്‍ ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളിലും ഇപ്പോള്‍ പ്രകടമാണ്. ഇത്തരക്കാര്‍ക്ക് കോമഡി താരമായ സെലന്‍സ്‌കി യാണ് സൂപ്പര്‍ഹീറോ സ്വന്തം രാജ്യത്തിനെതിരായ ഭീഷണി ഒഴിവാക്കാന്‍ സൈനിക നടപടിക്ക് നിര്‍ബന്ധിതനായ പുടിനാവട്ടെ ഇവരെ സംബന്ധിച്ച് പ്രധാന വില്ലനാണ്. രാജ്യ താല്‍പ്പര്യത്തിന് എതിരായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം മാധ്യമങ്ങളെയും മൂക്കുകയറിടേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ട്.

മാധ്യമ സ്വാതന്ത്ര്യം എന്നത്, ”രാജ്യത്തിന്റെ നിലപാടിന് എതിരായ നിലപാട് സ്വീകരിക്കാനുള്ളതാകരുത് ” അത്തരം നിലപാടുകളും രാജ്യ ദ്രോഹം തന്നെയാണ്. അമേരിക്കയില്‍ ജോലി ചെയ്ത ഒരു മുന്‍ അംബാസിഡറാകട്ടെ മലയാളം ചാനലുകളില്‍ ഇരുന്ന് റഷ്യന്‍ വിരുദ്ധതയാണ് പുലമ്പുന്നത്. ഇയാളെ പോലുള്ളവരാണ് ജനങ്ങളെ വ്യാപകമായി തെറ്റിധരിപ്പിക്കുന്നത്. റഷ്യ-യുക്രെയിനില്‍ പ്രതിരോധത്തിലാണ് എന്ന് പറയുന്ന ഇത്തരം ജന്മങ്ങള്‍ ലോകം കണ്ട ഏറ്റവും ‘മാന്യമായ യുദ്ധമാണ് ‘ റഷ്യ നടത്തുന്നത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അമേരിക്കയും സഖ്യകക്ഷികളും ലോകത്ത് ഒഴുക്കിയ ചോരപ്പുഴയൊന്നും മറ്റൊരു രാജ്യവും ഒഴുക്കിയിട്ടില്ല. റഷ്യയെ പോലുള്ള ഒരു വന്‍ശക്തിക്ക് യുക്രെയിനെ കീഴടക്കാന്‍ 48 മണിക്കൂര്‍ തികച്ചു ആവശ്യമില്ല.

എന്നാല്‍ അവര്‍ അത്തരം ‘കടുംകൈ’ ഇപ്പോഴും ചെയ്യാത്തത് പരമാവധി മരണങ്ങള്‍ ഒഴിവാക്കാനാണ്. യുദ്ധം ഇത്ര ദിവസം പിന്നിട്ടിട്ടും മരണപ്പെട്ടത് വളരെ കുറച്ച് പേര്‍ മാത്രമാണ്. വളരെ സൂക്ഷിച്ചും സമയമെടുത്തും ആണ് റഷ്യന്‍ സേന യുക്രെയിനില്‍ നീങ്ങുന്നത്. അത് അവര്‍ യുക്രെയിന് നല്‍കുന്ന ഔദാര്യമാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ റഷ്യന്‍ സൈന്യത്തിന് തിരിച്ചടിയാണ് സംഭവിച്ചതെങ്കില്‍ പുടിനെ പോലുള്ള ഭരണാധികാരി എങ്ങനെ ആയിരിക്കും പെരുമാറുക എന്നത് കൂടി നാം ചിന്തിച്ചു നോക്കണം. 1000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പകരം 10,000 യുക്രെയിന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു കാണും. അക്കാര്യവും ഉറപ്പാണ്. ഈ കണക്കുകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ മറച്ചുവച്ചാലും ഒരിക്കല്‍ പുറത്തു വരിക തന്നെ ചെയ്യും.

ഈ യുദ്ധം അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധമാണ്. നേരിട്ട് യുദ്ധം ചെയ്യാന്‍ പേടിയുള്ള ഭീരുവിന്റെ രണ്ടാം കിട ഏര്‍പ്പാടാണിത്. യുക്രെയിനെ മുന്‍ നിര്‍ത്തി പട നയിക്കുന്ന ജോ ബൈഡന്‍, പുടിന്റെ ഒറ്റ മുന്നറിയിപ്പില്‍ മുള്ളിപ്പോയതും ലോകം കണ്ടതാണ്. അതുകൊണ്ടാണ് റഷ്യക്കെതിരെ നേരിട്ടൊരു യുദ്ധത്തിന് നാറ്റോയും തയ്യാറാകാതിരിക്കുന്നത്. ബൈഡനല്ല ..പുടിന്‍, പറഞ്ഞത് കൃത്യമായി അദ്ദേഹം പ്രവര്‍ത്തിച്ചിരിക്കും. ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ എതിരായാലും നെഞ്ചുവിരിച്ച് നില്‍ക്കാനുള്ള കരുത്ത് ഇന്നും റഷ്യക്കുണ്ട്. അക്കാര്യത്തില്‍ റഷ്യ വിരുദ്ധര്‍ക്കു പോലും സംശയം ഉണ്ടാകുമെന്നും തോന്നുന്നില്ല. നിങ്ങള്‍ ഉപരോധം കൊണ്ട് റഷ്യയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചാല്‍ ലോകം മുഴുവനുമാണ് ശ്വാസം മുട്ടിപ്പോകുക. അതും ഓര്‍ക്കുന്നത് നല്ലതാണ്.

ഇപ്പോള്‍, യുക്രെയിനും റഷ്യയും തമ്മിലുള്ള മൂന്നാം ചര്‍ച്ചയും പരാജയപ്പെട്ടിരിക്കുകയാണ്. വെടിനിറുത്തലില്‍ യാതൊരു ധാരണയും ആയിട്ടില്ലന്നത് തീര്‍ച്ചയായും ആശങ്ക ഉയര്‍ത്തുന്നതാണ്. റഷ്യ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഒരിക്കലും ഈ യുദ്ധം തീരാന്‍ പോകുന്നില്ല. അതല്ലങ്കില്‍ നിരുപാധികം യുക്രെയിന് കീഴടങ്ങേണ്ടി വരും. അഫ്ഗാനിസ്ഥാനിലേത് പോലെ യുക്രെയിനില്‍ നിന്നും ഒളിച്ചോടാന്‍ അമേരിക്ക എന്ന രാജ്യമല്ല റഷ്യ. ബൈഡന്‍ ശൈലിയല്ല പുടിന്റേതെന്നതും ഈ ഘട്ടത്തില്‍ നാം തിരിച്ചറിയണം. തെറ്റിധാരണ പടര്‍ത്തുന്ന വാര്‍ത്തകള്‍ പടച്ചു വിട്ട് റഷ്യക്ക് ഒരു ‘വില്ലന്‍’ പരിവേശം നല്‍കാന്‍ ഒരു പരിധിവരെ അമേരിക്കയ്ക്കും യുക്രെയിനും കഴിഞ്ഞേക്കും എന്നാല്‍ അതു കൊണ്ട് മാത്രം ഈ യുദ്ധം ജയിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല.

യഥാര്‍ത്ഥത്തില്‍ ഇതൊരു യുദ്ധമായി പോലും വിലയിരുത്താന്‍ കഴിയുകയില്ല. റഷ്യ തീരുമാനിച്ച സ്ഥലങ്ങള്‍ അവര്‍ ഓരോന്നായി പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, പാര്‍പ്പിടങ്ങള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് യുക്രെയിന്‍ സൈന്യം ആക്രമണം നടത്തുമ്പോഴാണ് അവിടേക്ക് തിരിച്ച് ആക്രമണമുണ്ടാകുന്നത്. അതാകട്ടെ, സ്വാഭാവികവുമാണ്… ഇതിനെയൊക്കെ റഷ്യന്‍ ക്രൂരതയായി ചിത്രീകരിച്ചിട്ട് ഒരു കാര്യവുമില്ല. യുദ്ധം നടക്കുമ്പോള്‍ ഏത് സ്‌കൂളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത് …? ഈ ചോദ്യത്തിനും മറുപടി വേണം. കള്ള വാര്‍ത്തകള്‍ പടച്ചു വിടുന്നതിനും ഒരു പരിധിയൊക്കെ നല്ലതാണ്. അതല്ലങ്കില്‍ മാധ്യമങ്ങളുടെ ഉള്ള വിശ്വാസ്യത കൂടിയാണ് നഷ്ടപ്പെടുക അതും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top