പ്രതാപം വീണ്ടെടുത്ത് ഇന്ത്യൻ സിനിമ;കൊവിഡ് കാല തളർച്ചയിൽ നിന്ന് കരകയറ്റം

കൊവിഡ് കാലത്ത് വലിയ തോതില്‍ തകര്‍ച്ച നേരിട്ട ഒന്നായിരുന്നു ചലച്ചിത്ര വ്യവസായം. ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ചും ആ തകര്‍ച്ചയുണ്ടാക്കിയ ആഘാതം വലുതായിരുന്നു. തിയറ്ററുകള്‍ മാസങ്ങളോളം അടച്ചിടപ്പെട്ട 2020 ല്‍ നിന്നും തുടര്‍ വര്‍ഷങ്ങളില്‍ ചലച്ചിത്ര വ്യവസായം പ്രതീക്ഷയുടെ വഴിയേ നടന്നുതുടങ്ങിയെങ്കിലും ഒരു തിരിച്ചുവരവ് എന്നത് സംഭവിച്ചിരുന്നില്ല. എന്നാല്‍ 2023 ല്‍ ബോക്സ് ഓഫീസിന്‍റെ കാത്തിരുന്ന ആ മടങ്ങിവരവ് സംഭവിച്ചു! പല ഭാഷകളിലായി ഇന്ത്യന്‍ സിനിമ വലിയ വിജയങ്ങള്‍ കണ്ട 2023 ലെ സമ​ഗ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിം​ഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

ഇതുപ്രകാരം ഇന്ത്യയിലെമ്പാടുമുള്ള സിനിമാ തിയറ്ററുകള്‍ ചേര്‍ന്ന് 2023 ല്‍ വിറ്റത് 94.3 കോടി ടിക്കറ്റുകളാണ്. ഇതിലൂടെ ആകെ ലഭിച്ച ​ഗ്രോസ് കളക്ഷന്‍ 12,226 കോടി രൂപയാണ്! ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക കളക്ഷനാണ് ഇത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 12,000 കോടിക്ക് മുകളില്‍ വാര്‍ഷിക കളക്ഷന്‍ വരുന്നത് ഇത് ആദ്യമായാണ്. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയില്‍ കൊവിഡിന് ശേഷമുള്ള വര്‍ഷങ്ങളെ മറികടന്നെങ്കിലും 2019, 2018, 2017 വര്‍ഷങ്ങളേക്കാള്‍ കുറവാണ് 2023 ലെ ടിക്കറ്റ് വില്‍പ്പന.

കൊവിഡ് കാല തകര്‍ച്ചയ്ക്ക് ശേഷം ഹിന്ദി സിനിമയുടെ തിരിച്ചുവരവ് കണ്ട 2023 ല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളക്ഷനുമായി ബോളിവുഡ് തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ കളക്ഷനില്‍ ഒന്നാമത്. 5380 കോടിയാണ് ഹിന്ദി ചിത്രങ്ങള്‍ ചേര്‍ന്ന് 2023 ല്‍ നേടിയത്. എല്ലാ ഭാഷകളിലുമായി ആയിരത്തിലധികം ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ ആകെ കളക്ഷന്‍റെ 40 ശതമാനവും 10 ചിത്രങ്ങളില്‍ നിന്നാണ്. ഹിന്ദി ചിത്രങ്ങളായ ജവാന്‍, അനിമല്‍, പഠാന്‍, ​ഗദര്‍ 2 എന്നിവ ഇന്ത്യയില്‍ നിന്ന് 600 കോടിയിലധികം നേടിയപ്പോള്‍ തമിഴ് ചിത്രങ്ങളായ ജയിലര്‍, ലിയോ എന്നിവ രാജ്യത്തുനിന്ന് 400 കോടിയിലധികം നേടി.

Top