യന്തിരൻ സിനിമ മോഷ്ടിച്ചതാണോ ? ശങ്കർ പ്രതിരോധത്തിൽ, വ്യാപക ചർച്ച

ന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് യന്തിരന്‍ എന്ന സിനിമ. തെന്നിന്ത്യന്‍ സൂപ്പര്‍ താരമെന്ന പദവിയില്‍ നിന്നും ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് സാക്ഷാല്‍ രജനീകാന്തിനെ വളര്‍ത്തിയ സിനിമയാണിത്. തമിഴില്‍ മാത്രമല്ല, മറ്റു ഭാഷകളിലും ഈ സിനിമ പ്രദര്‍ശനത്തിനെത്തുകയും, വമ്പന്‍ കളക്ഷന്‍ നേടുകയും ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ കഥ മോഷ്ടിച്ചതായിരുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ചലച്ചിത്ര മേഖലയെ പ്രകംമ്പനം കൊള്ളിക്കുന്നത്.

ഈ കേസില്‍ സംവിധായകന്‍ ശങ്കറിനെതിരെ, ജാമ്യമില്ലാ വാറണ്ടാണ് ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ ശങ്കറിനെതിരായ വാറണ്ട് സകലരെയും ഞെട്ടിച്ചിട്ടുണ്ട്. അരൂര്‍ തമിഴ്നാടന്റെ ‘ജിഗുബ’എന്ന ചെറുകഥയാണ് ശങ്കര്‍ സിനിമയ്ക്കായി എടുത്തത് എന്നതാണ് നിലവിലെ കേസ്. 1996ല്‍ തമിഴ് വാരികയായ ഇനിയ ഉദയത്തില്‍ അച്ചടിച്ച് വന്നതാണ് ഈ ചെറുകഥ.

2007ല്‍, ധിക്ക് ധിക്ക് ധീപിക എന്ന പേരില്‍ ഇത് നോവലായി പുറത്തിറക്കുകയും ചെയ്തിരുന്നു. അരൂര്‍ തമിഴ്നാടന്റെ പരാതിയനുസരിച്ചാണ് ഇപ്പോള്‍, സംവിധായകന്‍ ശങ്കറിനെതിരെ കേസും എടുത്തിരിക്കുന്നത്. 1957ലെ കോപ്പി റൈറ്റ് ആക്ടിന്റെ നഗ്‌നമായ ലംഘനമാണിതെന്നും പരാതിയില്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോടികളാണ് യന്തിരന്‍ സിനിമയിലൂടെ ലഭിച്ചതെന്നും തന്റെ സര്‍ഗ്ഗാത്മകത ഉപയോഗപ്പെടുത്തിയാണ് ഇതെന്നുമാണ് തമിഴ്നാടന്‍ അവകാശപ്പെടുന്നത്.

നേരത്തെ കോപ്പിറൈറ്റ് ലംഘന പരാതിയ്ക്കെതിരെ ശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി കേസ് തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം എഗ്മോര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നുമില്ല. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വാറന്റിപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ തമിഴ് ശാസ്ത്രകഥാ ചലച്ചിത്രമാണ് യന്തിരന്‍. ശിവാജിക്ക് ശേഷം രജനി-ശങ്കര്‍ ടീം വീണ്ടും ഒന്നിച്ച ചിത്രത്തില്‍, രജനികാന്തിന്റെ നായിക ഐശ്വര്യ റായ് ആയിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ഇറങ്ങിയ യന്തിരനില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരും ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുമാണ് ഒന്നിച്ചിരുന്നത്. ചിത്രം നിര്‍മ്മിച്ചത് സണ്‍ പിക്ചേഴ്സ് ഉടമ കലാനിധിമാരനാണ്. ഡാനി ഡെന്‍സോങ്പ, സന്താനം, കരുണാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

രജനികാന്ത് ഇരട്ട വേഷത്തില്‍ അഭിനയിച്ചു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു വലിയ സവിശേഷത. ശാസ്ത്രജ്ഞനായും അയാള്‍ സൃഷ്ടിക്കുന്ന റോബോട്ടായുമാണ് രജനികാന്ത് തിളങ്ങിയിരുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ചമൂലം, സമൂഹത്തിലുണ്ടാവുന്ന തിന്‍മകളാണ് ചിത്രത്തിന്റെ പ്രമേയം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരുന്നത്.

 

തമിഴില്‍ നിര്‍മ്മിച്ച ചിത്രം തെലുഗു,ഹിന്ദി എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തതും ശങ്കറിന്റെ താല്‍പ്പര്യത്തെ തുടര്‍ന്നായിരുന്നു. കൂടാതെ, ചിത്രത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റിലിന്റെ ഹോളിവുഡ് വിതരണത്തിനായി,സണ്‍ പിക്ചേഴ്സ് എച്ച് ബി ഒയുമായി കരാറില്‍ ഏര്‍പെടുകയും ചെയ്തിരുന്നു. രജനികാന്തിന്റെ അഭിനയം രത്നവേലുവിന്റെ ഛായാഗ്രഹണം, സാബു സിറിളിന്റെ കലാസംവിധാനം, വി. ശ്രീനിവാസ് മോഹന്റെ വിഷ്വല്‍ ഇഫക്ട്സ് എന്നിവയെ വിമര്‍ശകര്‍ പോലും അഭിനന്ദിച്ചു എന്നതും മറക്കാന്‍ കഴിയുന്നതല്ല.2010 – ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രവും യന്തിരന്‍ തന്നെയായിരുന്നു.

രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും, മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും, ഏഴ് വിജയ് പുരസ്‌കാരങ്ങളും രണ്ട് സ്‌ക്രീന്‍ അവാര്‍ഡുകളും, ഈ ചലച്ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. യന്തിരനു ശേഷം 2018 – ല്‍ ഇതിന്റെ രണ്ടാംഭാഗമായ യന്തിരന്‍ 2.0 എന്ന ചലച്ചിത്രവും പുറത്തിറങ്ങുകയുണ്ടായി. ഈ സിനിമയില്‍ രജനിക്ക് വില്ലനായത് പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറാണ്.ഇന്റര്‍നെറ്റിന്റെ പുതിയ കാലത്ത്, മൊബൈല്‍ കമ്പനികള്‍ പ്രകൃതിക്ക് നേരെ ഉയര്‍ത്തുന്ന ഭീഷണിയായിരുന്നു 2.0 യുടെ പ്രമേയം. ഇനി, ഈ സിനിമയുടെ കഥയുടെ അവകാശവാദമുന്നയിച്ച്, ആരെങ്കിലും വരുമോ എന്നതും കണ്ടറിയേണ്ടത് തന്നെയാണ്.

Top