മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ജോലി വാഗ്ദാനം ഡ്രീം11

ഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റേതായ സൂചനകൾ പ്രകടമാക്കി കൊണ്ട് മെറ്റയും ട്വിറ്ററുമടക്കം നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തൊഴിലാളികളുടെ ജീവിതത്തിന് മുൻപിൽ ഇനിയെന്ത് എന്ന വലിയ ചോദ്യം ശക്തമാകുന്നു. ട്വിറ്റർ 3800 പേരെയാണ് ചെലവ് ചുരുക്കലിനായി പിരിച്ചുവിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000 ആയിരുന്നു.

ഓരോ ആഴ്ചകളിലും ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഭൂരിഭാഗം പേർക്കും പുതിയ ജോലി കണ്ടെത്തുക വളരെ പ്രയാസകരമാണ്. അമേരിക്കയിൽ എച്ച്1ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ളവരാണ് പുതിയ ജോലി കണ്ടെത്താനാവാതെ കുഴയുന്നത്.

അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ ഇവർക്കെല്ലാം അമേരിക്ക വിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ഇന്ത്യാക്കാരെ ഒരു ഇന്ത്യൻ സിഇഒ സ്വന്തം മണ്ണിലേക്ക് തിരികെ വിളിക്കുന്നത്. മറ്റാരുമല്ല, ഡ്രീം11 സഹസ്ഥാപകനും സിഇഒയുമായ ഹർഷ് ജെയിനാണ് തന്റെ കമ്പനി ലാഭത്തിലാണെന്നും ഇന്ത്യാക്കാർ സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്ന് ഇന്ത്യൻ ടെക് കമ്പനികളെ ശക്തിപ്പെടുത്താനായി പരിശ്രമിക്കണമെന്നും ആവശ്യപ്പെടുന്നത്.

അമേരിക്കയിൽ വൻകിട കമ്പനികളിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം അരലക്ഷം(52000) കടന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കമ്പനിയിൽ പ്രതിഭാശാലികൾക്ക് എന്നും ഇടമുണ്ട്. ഡിസൈൻ, പ്രൊഡക്ട്, ടെക് മേഖലകളിൽ നേതൃപരിചയം ഉള്ളവർക്ക് പ്രത്യേകിച്ചും എന്ന് ജെയിൻ തുറന്ന് പറയുന്നു. തന്റെ കമ്പനി ഇപ്പോൾ 8 ബില്യൺ ഡോളർ കമ്പനിയാണെന്നും 150 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യാക്കാരായ അമേരിക്കയിൽ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ അദ്ദേഹം സ്വാഗതം ചെയ്യുന്നത്.

Top