നായകമികവില്‍ അപൂര്‍വനേട്ടങ്ങളുമായി വിരാട് കോഹ്ലി ; 30ാം സെഞ്ചുറിയും

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഏകദിന ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിയെഴുതുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

അസ്ഹറുദ്ദീന്‍, ഗാംഗുലി തുടങ്ങി സാക്ഷാല്‍ മഹേന്ദ്രസിങ് ധോണി എന്നിവര്‍ക്ക് മാത്രമല്ല മറ്റൊരു ടീമിന്റെ നായകന് പോലും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് നായക പദവി ഏറ്റെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

ശ്രീലങ്കയില്‍വെച്ച് അവരെ ഫിനിഷ് ചെയ്യുന്ന ടീമിന്റെ നായകനെന്ന നേട്ടമാണ് വിരാട് കോഹ്ലിക്ക് മാത്രമായി നേടിയത്.

സ്വന്തം നാട്ടില്‍വെച്ച് ആദ്യമായാണ് ശ്രിലങ്ക മറ്റൊരു ടീമിനോട് ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത്. മൂന്ന് പരമ്പരകളടങ്ങിയ ടെസ്റ്റിലും ലങ്ക തോറ്റിരുന്നു.

നായകന്‍ എന്ന നിലയില്‍ മാത്രമല്ല ബാറ്റ്സ്മാനെന്ന നിലയിലും കോഹ് ലി മികവ് പുറത്തെടുത്തു. രണ്ട് സെഞ്ച്വറികളാണ് കോഹ്ലി സ്വന്തമാക്കിയത്.

ഏകദിന സെഞ്ച്വറികളില്‍ ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനൊപ്പമെത്താനും കോഹ്ലിക്കായി. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ 330 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതില്‍ രണ്ട് സെഞ്ച്വറികള്‍ തുടരെയായിരുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങളില്‍ മാത്രമാണ് കോഹ്ലി വേഗത്തില്‍ പുറത്തായത്. ആദ്യ ഏകദിനത്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം ഏകദിനത്തില്‍ നേടിയ 131 റണ്‍സാണ് ഈ പരമ്പരയിലെ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍.

Top