ക്രിക്കറ്റ് ഇതിഹാസം സച്ചിനെയും ദ്രാവിഡിനെയും കടത്തിവെട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി

kohli

മുംബൈ: ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരം നേടിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി. ടെസ്റ്റ് റാങ്കിംഗില്‍ 900 പോയിന്റിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കാഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്. ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ മാത്രമാണ് ഇതിന് മുമ്പ് 900 പോയിന്റ് നേടിയ ഏക ഇന്ത്യന്‍ താരം.

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ഐ.സി.സി റാങ്കിംഗിലാണ് റെക്കാഡ് നേട്ടം കൊഹ്‌ലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റ്‌ലെ സെഞ്ചുറി നേട്ടമാണ് റാങ്കിംഗില്‍ മുന്നേറാന്‍ ഇന്ത്യന്‍ നായകനെ സഹായിച്ചത്. നിലവില്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് കൊഹ്‌ലി. 947 പോയിന്റുള്ള ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ ഒന്നാമത്. 881 പോയിന്റുമായി ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാം സ്ഥാനത്തുണ്ട്. തന്റെ 50ആമത്തെ മത്സരത്തില്‍ ഗവാസ്‌കര്‍ ഈ നേട്ടത്തിലെത്തിയപ്പോള്‍ 65ആം മത്സരത്തിലാണ് കൊഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതിലെന്ന് വിശേഷിപ്പിച്ച രാഹുല്‍ ദ്രാവിഡിനോ സാധിക്കാത്ത നേട്ടമാണ് കൊഹ്‌ലി കൈവരിച്ചിരിക്കുന്നത്. സച്ചിന്‍ 2002ല്‍ 898 പോയിന്റും ദ്രാവിഡ് 2005ല്‍ 892 പോയിന്റും നേടിയിരുന്നുവെങ്കിലും 900 പോയിന്റില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ടെസ്റ്റ് ചരിത്രത്തില്‍ 900 പോയിന്റ് എന്ന നേട്ടത്തില്‍ എത്തുന്ന 31-ാമത്തെ താരമാണ് കൊഹ്‌ലി. ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന്‍ നേടിയ 961 പോയിന്റാണ് ഏറ്റവും ഉയര്‍ന്ന നേട്ടം.

Top