ഈ ദശാബ്ദത്തിലെ മികച്ച താരത്തിനുള്ള നമനിർദ്ദേശ പട്ടികയിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും

ദുബായ്: ഐസിസിയുടെ ഈ ദശാബ്ദത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും നാമനിര്‍ദേശം. ഇരുവര്‍ക്കും പുറമേ ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്ത്, കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്, ലങ്കന്‍ സൂപ്പര്‍ താരം കുമാര്‍ സംഗക്കാര എന്നിവരാണ് നോമിനേഷന്‍ ലഭിച്ച ഏഴ് പേരുടെ പട്ടികയിലുള്ളത്.

പതിറ്റാണ്ടിലെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരത്തിന് മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പേരുണ്ട്. വിരാട് കോലിക്ക് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ എം എസ് ധോണി എന്നിവരാണ് നാമനിര്‍ദേശം നേടിയത്. വനിത താരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. പതിറ്റാണ്ടിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് മെഗ് ലാന്നിംഗ്, എലിസി പെറി, മിതാലി രാജ്, സ്യൂസി ബേറ്റ്സ്‌, സ്റ്റെഫാനീ ടെയ്‌ലര്‍, സാറ ടെയ്‌ലര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

Top