മത്സരത്തിന് മുമ്പായി സൂര്യകുമാർ യാദവ് വാർത്താസമ്മേളനം നടത്തി; എത്തിയത് രണ്ട് മാധ്യമപ്രവർത്തകർ

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പ് അവസാനിച്ച് നാല് ദിവസം മാത്രമാണ് പിന്നിടുന്നത്. ഇന്ത്യ അടുത്ത പരമ്പരയ്ക്ക് ഇറങ്ങുകയാണ്. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ലോകകപ്പ് കളിച്ച ടീമിലെ ഭൂരിപക്ഷം താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇരുടീമുകളും ഇറങ്ങുന്നത്.

ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ വിശാഖപട്ടണം ട്വന്റി 20യുടെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. എങ്കിലും ഫൈനല്‍ തോല്‍വി ഇന്നത്തെ മത്സരത്തില്‍ കാണികളെ കുറയ്ക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി 20 മത്സരം നടക്കുന്നത്.

മത്സരത്തിന് മുമ്പായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഇവിടേയ്ക്ക് എത്തിയത് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ്. ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ 200ലധികം മാധ്യമപ്രവര്‍ത്തകര്‍ എത്തിയ സ്ഥാനത്താണിത്. ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ മുറിവ് ഉണങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു.

 

Top