കോഹ്‌ലി പറഞ്ഞു, കേരളം ഏറ്റുചൊല്ലി ; പിണറായിക്കൊപ്പം കൈകോര്‍ത്ത് ഇന്ത്യന്‍ നായകന്‍

തിരുവനന്തപുരം: കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലിക്കൊടുത്തു.

കേരളാ പൊലീസ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരളാ ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേര്‍ന്നാണ് ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’ (‘Yes to cricket No to drugs’) എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്‌പോര്‍ട്‌സിലേയ്ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്ക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നില്‍ നിന്ന് മുക്തരാക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞിരുന്നു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും ചടങ്ങില്‍ദൃശ്യവിസ്മയമായി.

Top