ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡ് ബഹുമതിയുമായി എച്ച് ഡി എഫ് സി ബാങ്ക്

HDFC

ന്യൂഡല്‍ഹി : ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന ബഹുമതി സ്വന്തമാക്കി എച്ച് ഡി എഫ് സി ബാങ്ക്. കന്തര്‍ മില്വാഡ് ബ്രൗണ്‍ തങ്ങളുടെ ബ്രാന്‍ഡ് ഇസെഡ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി തയാറാക്കിയ ഏറ്റവും മൂല്യമുള്ള 75 ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടികയിലാണ് എച്ച് ഡി എഫ് സി ബാങ്ക് ഒന്നാമതെത്തിയത്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര പരസ്യ കമ്പനിയായ ഡബ്ല്യു പി പി യുടെ മാര്‍ക്കറ്റ് റിസര്‍ച്ച് വിഭാഗമാണ് കന്തര്‍ മില്വാഡ് ബ്രൗണ്‍. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് എച്ച് ഡി എഫ് സി ബാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യം 21 ശതമാനം വര്‍ധിച്ച് 21.7 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സാമ്പത്തിക പ്രകടനത്തിന്റെയും ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സമഗ്രമായ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് കന്തര്‍ ബ്രാന്‍ഡുകളെ റാങ്ക് ചെയ്തിട്ടുള്ളത്.

2018ലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാന്‍ഡായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ആണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 19.8 ബില്യണ്‍ ഡോളറാണ് എല്‍ ഐ സിയുടെ ബ്രാന്‍ഡ് മൂല്യം. 15 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി ഐടി സര്‍വ്വീസസ് ഭീമന്‍ ടിസിഎസ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 11.4 ബില്യണ്‍ ഡോളര്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യം നേടിയ എയര്‍ടെല്‍ നാലാം സ്ഥാനത്ത് ഇടം പിടിച്ചു. ഉത്പ്പന്നങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് ഉപഭോക്താക്കളുമായി വ്യക്തമായി ആശയവിനിമയം നടത്തുന്നതിലൂടെ തങ്ങളിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാന്‍ എച്ച് ഡി എഫ് സി ബാങ്കിന് സാധിച്ചിട്ടുണ്ടെന്ന് ബ്രാന്‍ഡ് ഇസെഡ് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടി.

ബിസിനസ് ടു ബിസിനസ് കമ്പനികളെയും ഇത്തവണ ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി, കൊട്ടക് മഹിന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ജിയോ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ബ്രാന്‍ഡുകള്‍.

Top