ഇന്ത്യന്‍ അതിര്‍ത്തികള്‍ പുകയുന്നു; ആയുധ ശേഖരത്തിന്റെ കരുത്ത് കൂട്ടാന്‍ ഫാല്‍ക്കണ്‍!

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കാന്‍ ആയുധശേഖരത്തിലേക്ക് കരുത്ത് കൂട്ടാനൊരുങ്ങി ഇന്ത്യ.

ഒരു ബില്യന്‍ യുഎസ് ഡോളര്‍ ചെലവില്‍ ഇസ്രയേലില്‍ നിന്നു രണ്ട് ഫാല്‍ക്കണ്‍ എഡബ്ല്യുഎസിഎസ് ആണ് വ്യോമസേന വാങ്ങാനൊരുങ്ങുന്നത് എന്നാണ് വിവരം. ഇസ്രയേല്‍ നിര്‍മിത വ്യോമ മുന്നറിയിപ്പ്, നിയന്ത്രണ സംവിധാനങ്ങള്‍ (എഡബ്ല്യുഎസിഎസ്) ചേര്‍ന്ന ഫാല്‍ക്കണ്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണു ഫാല്‍ക്കണ്‍ വാങ്ങുന്നതെന്ന് സൂചന.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇസ്രയേല്‍ അധികൃതരുമായി പുതിയ ചര്‍ച്ചകള്‍ നടത്തിയത്. വ്യോമസേനയ്ക്കു നിലവില്‍ മൂന്ന് ഫാല്‍ക്കണ്‍ ഉണ്ടെങ്കിലും രണ്ടെണ്ണം കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനത്തിനു കരുത്ത് കൂടും. രണ്ട് ഫാല്‍ക്കണിനുള്ള അംഗീകാര നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നുമാണു വിവരം.

റഷ്യയുടെ ഇല്ല്യുഷിന്‍ -76 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് എഡബ്ല്യുഎസിഎസ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ നിരീക്ഷണ ശേഷി കാരണം ‘ആകാശത്തിലെ കണ്ണ്’ എന്നാണു വിളിപ്പേര്. ശത്രുവിമാനങ്ങള്‍, മിസൈലുകള്‍, അതിര്‍ത്തിക്കപ്പുറത്തുള്ള സൈനികരുടെ നീക്കങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ ഫാല്‍ക്കണിനു കഴിയും. ഇസ്രയേലിന്റെ എഡബ്ല്യുഎസിഎസിനു പുറമെ ഇന്ത്യയുടെ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മുന്നറിയിപ്പ് നിയന്ത്രണ സംവിധാനവും വ്യോമസേന ഉപയോഗിക്കുന്നുണ്ട്.

Top