300 സിക്‌സറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നേട്ടവുമായി രോഹിത് ശര്‍മ

rohith-sharma

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ 300 സിക്‌സറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ. എംഎസ് ധോണിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രോഹിത്. പാക്കിസ്ഥാനെതിരെ 119 പന്തില്‍ 111 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ഏഴ് ബൗണ്ടറിയും, നാല് സിക്‌സറും പറത്തിയിരുന്നു.

ഏകദിന ക്രിക്കറ്റില്‍ 183 സിക്‌സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ധോണിയുടെ പേരില്‍ 217 ഏകദിന സിക്‌സറുകളുണ്ട്. ട്വന്റി 20 ക്രിക്കറ്റില്‍ ഐപിഎല്‍ ഉള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളിലായി 300 സിക്‌സര്‍ പറത്തിയിട്ടുള്ള ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് നേരത്തെ രോഹിത്തിന്റെ പേരിലാണ്. ഏകദിനത്തില്‍ സിക്‌സര്‍ തികച്ചതോടെ രണ്ട് ഫോര്‍മാറ്റിലും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമായി രോഹിത്. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളും ബൗണ്ടറികളും നേടിയ റെക്കോര്‍ഡും നിലവില്‍ രോഹിത്തിന്റെ പേരിലാണ്. 16 സിക്‌സറുകളും 33 ബൗണ്ടറികളും നേടിയിരിക്കുന്നത്.

ഇതിന് പുറമെ ടെസ്റ്റിലും, ഏകദിനത്തിലും, ട്വന്റി20യിലും, സിക്‌സറിലൂടെ സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുള്ള അപൂര്‍വം ബാറ്റ്‌സ്മാന്‍മാരിലൊരാളും രോഹിത്താണ്. രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ രണ്ടു തവണ സിക്‌സര്‍ നേടിയിട്ടുള്ള ബാറ്റ്‌സ്മാനും രോഹിത്താണ്. ഏകദിന ക്രിക്കറ്റിലെ പത്തൊമ്പതാം സെഞ്ചുറി കണ്ടെത്തിയ രോഹിത് അതിവേഗം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായി.

Top