The Indian attack-lead-ex Kerala cadre IPS officer Ajit Doval

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ കടന്ന് കയറി തിരിച്ചടിക്കാന്‍ സൈനിക ഓപ്പറേഷന്‍ ഏകോപിപ്പിച്ചത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍.

മുന്‍ കേരള കേഡര്‍ ഐപിഎസ് ഓഫീസറായ ഈ ഉദ്യോഗസ്ഥന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ .കഴിഞ്ഞ അര്‍ദ്ധരാത്രി മുഴുവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രത്യേക ‘സംവിധാനത്തി’ലിരുന്നാണ് ദോവല്‍ സൈനിക നടപടികള്‍ക്ക് നേതൃത്വം കൊടുത്തത്.12 മണിയോടെ ആരംഭിച്ച ഓപ്പറേഷന്‍ പുലര്‍ച്ചെ 4.30 തോടെയാണ് അവസാനിച്ചത്.
indian-sena
പാക്ക് അധിനിവേശ കാശ്മീരിലെ എട്ടോളം ഭീകരതാവളങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു തിരിച്ചടി. നിയന്ത്രണ രേഖ കടന്ന് മൂന്ന് കി.മീ ഓളം ഉള്ളിലേക്കെത്തിയ സൈന്യം സൈനിക ഹെലികോപ്റ്ററുകളിലും മറ്റും പറന്നിറങ്ങിയാണ് നാശം വിതച്ചത്.

ആക്രമണത്തില്‍ 38 ഭീകരര്‍ക്ക് പുറമേ അവരെ സഹായിച്ചവരും പാക്ക് സൈനികരുമടക്കം നിരവധി പേരും കൊല്ലപ്പെട്ടിട്ടുണ്ട്.പാക്കിസ്ഥാനിലെ നാല് മേഖലയിലെ എട്ടിടങ്ങളിലാണ് ആക്രമണം നടത്തിയത്.ഇതു സംബന്ധമായ നടപടികള്‍ എടുക്കാന്‍ ദോവലിനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
untitled-1
യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ പിന്‍തുണക്കുമെന്ന് പറഞ്ഞ ചൈനയെ അനുനയിപ്പിച്ചത് മറ്റൊരു കേരള കേഡര്‍ ഐപിഎസുകാരനായ ആര്‍ എന്‍ രവിയായിരുന്നു.

ഇന്ത്യയുടെ ജോയന്റ് ഇന്റലിജന്‍സ് കമ്മറ്റി ചെയര്‍മാനായിരുന്ന അദ്ദേഹവും ചൈനീസ് സെന്‍ട്രല്‍ പൊളിറ്റിക്കല്‍ ആന്റ് ലീഗല്‍ അഫയേഴ്‌സ് ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയാണ് ഇതിന് വഴിയൊരുക്കിയിരുന്നത്.
indian-solders
ചൈനയുമായുള്ള സൗഹൃദം തുടരുമെങ്കിലും യുദ്ധമുണ്ടായാല്‍ ചൈന പാക്കിസ്ഥാനെ പിന്‍തുണക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ചൈന വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ പോര്‍മുഖങ്ങളില്‍ തന്ത്രമൊരുക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഈ രണ്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ഇപ്പോഴുള്ളത്.

മ്യാന്‍മറില്‍ അതിക്രമിച്ച് കയറി ഭീകരരെ വധിച്ചതിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളും ഇവര്‍ തന്നെയാണ്.

യമനടക്കം ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട നിരവധി രാജ്യങ്ങളില്‍ നിന്ന് ഒരു പോറലുമേല്‍ക്കാതെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിലും ദോവലിന്റെയും ആര്‍ എന്‍ രവിയുടെയും സജീവ ഇടപെടലുണ്ടായിരുന്നു.

ബന്ദികളെ കഴുത്തറുത്ത് ഭീകരത സൃഷ്ടിക്കുന്ന ഐഎസ് തീവ്രവാദികളുടെ പിടിയിലായ മലയാളി നഴ്‌സുമാരെ സുരക്ഷിതമായി മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടല്‍ ഇന്നും പുറത്ത് വരാത്ത രഹസ്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആളുകളായാണ് ദോവലും രവിയും അറിയപ്പെടുന്നത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ വിദേശരാജ്യങ്ങളില്‍ വച്ച് തന്നെ ‘തീരുമാനമാക്കാനുള്ള’ ഇടപെടലാണ് ഇപ്പോള്‍ ഈ മുന്‍ ഐപിഎസുകാരുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.

Top