indian attack-bsf-pakistan

ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി. പാക് അതിര്‍ത്തി രക്ഷാസേനയിലെ 15 പേരെ വധിച്ചെന്ന് ബിഎസ്എഫ് എഡിജി അരുണ്‍ കുമാര്‍ അറിയിച്ചു.

മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പ്രത്യാക്രമണം ആണിത്. ഇന്ന് നടന്ന സൈനിക നടപടിയിലാണ് ഇന്ത്യന്‍ സൈന്യം ഇവരെ വധിച്ചത്. 13 റേഞ്ചേഴ്‌സും 2 പാകിസ്താനി ഫ്രണ്ടിയര്‍ ഫോഴ്‌സ് സൈനികരുമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഏതാനും ദിവസമായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ശക്തമായ വെടിവയ്പ്പാണ് ഉണ്ടാകുന്നത്. തങ്ങള്‍ ഒരിക്കലും ജനവാസ മേഖലയിലേക്ക് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാനാണ് ആദ്യം ചെയ്തതെന്നും ഇതിന് ഞങ്ങള്‍ ശക്തമായ മറുപടി നല്‍കിയെന്നും എഡിജി അരുണ്‍ കുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ പ്രകോപനം ഇപ്പോഴും തുടരുകയാണ്. നിയന്ത്രണരേഖയില്‍ സുന്ദര്‍ബനിയിലും പല്ലന്‍വാലയിലും ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പാകിസ്താന്‍ കനത്ത ഷെല്ലാക്രമണം ആരംഭിച്ചു.

ഇന്നലെ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ആര്‍എസ് പുര സെക്ടറില്‍ പാകിസ്താനി റേഞ്ചേഴ്‌സ് നടത്തിയ മോട്ടോര്‍ ഷെല്ലാക്രമണത്തിലാണ് ബിഎസ്എഫ് ജവാനായ ജിതേന്ദര്‍ സിംഗ്(46) കൊല്ലപ്പെട്ടത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബിഎസ്എഫ് ജവാനാണ് ജിതേന്ദര്‍ സിംഗ്. കഴിഞ്ഞ 12 മണിക്കൂറിനിടെ 6 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്.

പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി പ്രകോപനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്നലെ, വെടിവെപ്പ് രാത്രി വരെ തുടര്‍ന്നു. ഇന്ന് വീണ്ടും മൂന്ന് സ്ഥലത്ത് വെടിവെപ്പുണ്ടായി. ഇതിനെ തുടര്‍ന്നാണ് തക്ക മറുപടി പാകിസ്താന് നല്‍കിയതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് മനീഷ് മേത്ത പറഞ്ഞു.

ഉചിതമായ മറുപടി നല്‍കാന്‍ വ്യാഴാഴ്ച ബിഎസ്എഫിനെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രേരിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഷെല്ലാക്രമണത്തില്‍ ആറ് വയസുള്ള കുട്ടി കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നിയന്ത്രണരേഖ കടന്നുചെന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രണം പാക്ക് സൈന്യത്തിന് വരുത്തിയ ക്ഷീണം വലുതായിരുന്നു.

മാത്രമല്ല, ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ അവരുടെ ഏഴു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാം പ്രതികാരം ചെയ്യാനുള്ള ശ്രമമാണ് നിരന്തരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളിലൂടെ പാക് സൈന്യം ലക്ഷ്യമിടുന്നത്.

Top