പാക്കിസ്ഥാന് നേരെ ഇന്ത്യൻ ‘പ്രതിരോധം’ നൽകുന്നത് വ്യക്തമായ സൂചന തന്നെ . . .

പാക്കിസ്ഥാനെ സംബന്ധിച്ച് അവരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ബാലക്കോട്ടെ മിന്നല്‍ ആക്രമണത്തിനു ശേഷം ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ തിരിച്ചടിയില്‍ ലോക രാഷ്ട്രങ്ങളും നിലവില്‍ അമ്പരന്നിരിക്കുകയാണ്.

മൂന്ന് ഭീകര ക്യാംപുകള്‍ തകര്‍ത്തതായും പത്തിലധികം പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായുമാണ് പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ നാശനഷ്ടകള്‍ ഉണ്ടായതായാണ് അമേരക്ക ഉള്‍പ്പെടെ ഇപ്പോള്‍ വിലയിരുത്തുന്നത്.

സ്വന്തം സൈനികര്‍ കൊല്ലപ്പെട്ടാല്‍ അവരുടെ മൃതശരീരം പോലും ഏറ്റുവാങ്ങാന്‍ മടിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അതു കൊണ്ട് തന്നെ പാക്ക് പ്രതികരണത്തെ പുച്ഛത്തോട് കൂടി മാത്രമാണ് ലോക രാഷ്ട്രങ്ങളും വീക്ഷിക്കുന്നത്.

അതിര്‍ത്തിയിലെ പ്രകോപനത്തിന് അതിര്‍ത്തിയില്‍ തന്നെ മറുപടി നല്‍കുക എന്ന പരമ്പരാഗത രീതി മാറ്റിയാണ് ഇന്ത്യന്‍ സൈന്യം നിലവില്‍ മുന്നോട്ട് പോകുന്നത്. അതിര്‍ത്തി കടന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ പാക്ക് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നത്. നിരവധി ഭീകര ക്യാംപുകളും ഈ ആക്രമണത്തില്‍ തരിപ്പണമായിട്ടുണ്ട്.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റാനുള്ള പാക്ക് ശ്രമമാണ് ഇവിടെ പരാജയപ്പെട്ടിരിക്കുന്നത്. നീലം താഴ് വരയില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള നാല് ലോഞ്ചിങ് പാഡുകളും തകര്‍ക്കപ്പെട്ടു. ജൂറ, കുന്‍ദല്‍ഷാന്‍ തുടങ്ങിയ മേഖലകളിലെ ഭീകര താവളങ്ങളും ഇന്ത്യന്‍ സേന ചാരമാക്കിയിട്ടുണ്ട്. അന്‍പതിലേറെ ഭീകരരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബാലക്കോട്ടെ തിരിച്ചടിക്ക് ശേഷം ഭീകരര്‍ക്ക് കിട്ടുന്ന കനത്ത പ്രഹരമാണിത്. സൈനികര്‍ കൊല്ലപ്പെട്ടത് പാക്ക് സൈനിക നേതൃത്വത്തിനും നാണക്കേടായിട്ടുണ്ട്. ചോദിച്ച് വാങ്ങിയ തിരിച്ചടി എന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ഈ സംഘര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ലന്ന മുന്നറിയിപ്പായും ഈ ആക്രമണത്തെ വിലയിരുത്തപ്പെടുന്നുണ്ട്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നല്‍കിയ അനുമതിയാണ് സൈനിക നീക്കങ്ങള്‍ക്കും വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈന പോലും കൈവിട്ട പ്രതികരണത്തിന് മുതിരാതെ സംയമനമാണ് നിലവില്‍ തുടരുന്നത്.

ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ ഇന്ത്യ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു. പാക്കിസ്ഥാനെ കൈവിടില്ലങ്കിലും ഇന്ത്യയെയും പിണക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ ചൈനയുമുള്ളത്.

പരസ്പരം ബദ്ധവൈരികളായ റഷ്യ,അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുമായി ഒരേ സമയം സൗഹൃദത്തില്‍ പോകാന്‍ കഴിയുന്നതാണ് ഇന്ത്യയുടെ നേട്ടം. ദോക്ക്ലാമില്‍ നിന്നും ചൈനക്ക് പിറകോട്ട് പോകേണ്ടി വന്നതില്‍ റഷ്യയുടെ ഇടപെടലും നിര്‍ണ്ണായകമായിരുന്നു.

എക്കാലത്തും ഇന്ത്യക്ക് വിശ്വസിക്കാന്‍ പറ്റാവുന്ന പങ്കാളികളാണ് റഷ്യയും ഫ്രാന്‍സും. ഈ പട്ടികയില്‍ കയറി പറ്റാനാണ് അമേരിക്കയും ഇപ്പോള്‍ ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം വ്യക്തമായ താല്‍പ്പര്യങ്ങളുണ്ട്. കൊച്ചു രാജ്യമാണെങ്കിലും ഇസ്രയേല്‍ ടെക്നോളജി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന രാജ്യം കൂടിയാണ് ഇന്ത്യ. പ്രതിരോധരംഗത്ത് ഈ കരുത്ത് പ്രകടവുമാണ്.

ഇസ്രയേലിന്റെ ലേസര്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് ബലക്കോട്ടെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തിരുന്നത്. ഇപ്പോള്‍ അതിര്‍ത്തി കാക്കാന്‍ ലോകത്തെ തന്നെ മികച്ച അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ ഇന്ത്യയിലെത്തി കഴിഞ്ഞു. അമേരിക്കയുടെ കുന്തമുനയാണ് ഈ പുതുതലമുറ ഹെലികോപ്റ്റര്‍.

ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനവും ഇന്ത്യന്‍ സേനയുടെ ഭാഗമായി കഴിഞ്ഞു. പരിശീലനം പൂര്‍ത്തിയായാല്‍ മെയ് മാസത്തോടെ ഈ ആക്രമണകാരിയും അതിര്‍ത്തിയില്‍ നിലയുറപ്പിക്കും.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നു കൊണ്ട് തന്നെ പാക്കിസ്ഥാനെ ചാമ്പലാക്കാന്‍ കഴിയുന്ന ശേഷിയുള്ള യുദ്ധവിമാനമാണ് റഫേല്‍. പാക്കിസ്ഥാനെ സംബന്ധിച്ച് ഏറെ ഭയപ്പെടുത്തുന്നതും ഈ യുദ്ധവിമാനത്തിന്റെ വരവ് തന്നെയാണ്.

36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ബാക്കിയുള്ളവ അധികം താമസിയാതെ തന്നെ ഇന്ത്യയിലെത്തും.

ലോകത്ത് ഇന്ന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും പ്രഹര ശേഷിയുള്ള യുദ്ധവിമാനമാണ് റഫേല്‍. അതു കൊണ്ട് തന്നെയാണിപ്പോള്‍ പാക്ക് സൈന്യത്തിന്റെയും ചങ്കിടിക്കുന്നത്. കാലപഴക്കമുള്ള റഷ്യന്‍ വിമാനത്തില്‍ കയറി അമേരിക്കയുടെ ആധുനിക വിമാനത്തെ വെടിവെച്ചിട്ടവരാണ് നമ്മുടെ വൈമാനികര്‍.

ബാലക്കോട്ടെ ആക്രമണത്തിനു ശേഷം പാക്ക് പ്രകോപനത്തിന് വ്യാമസേന നല്‍കിയ ആ തിരിച്ചടി ലോകം കണ്ടതാണ്. അഭിനന്ദന്‍ വര്‍ദ്ധമാനെ പോലെ സമര്‍ത്ഥരായ വൈമാനികരുടെ കയ്യില്‍ റഫേല്‍ കിട്ടിയാലുള്ള അവസ്ഥ ചിന്തിക്കാന്‍ പോലും ഇനി പാക്കിസ്ഥാന്‍ ആഗ്രഹിക്കുകയില്ല. ഒരു മിന്നല്‍ പോലെ എത്തുന്ന കാലന്‍ , അതാണ് റഫേല്‍ യുദ്ധ വിമാനം.

15.3 മീറ്റര്‍ നീളവും 5.3 മീറ്റര്‍ ഉയരവുമുള്ള ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇലക്ട്രോണിക് സ്‌കാനിങ് റഡാര്‍ ഉപയോഗിക്കുന്ന ഏക യൂറോപ്യന്‍ പോര്‍വിമാനം എന്ന സവിശേഷതയാണ്. വായുവില്‍ നിന്നും വായുവിലേക്കും കരയിലേക്കും ഒരേസമയം ആക്രമണം നടത്താന്‍ ശേഷിയുമുണ്ട്. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രം ഉണ്ടാക്കി ആക്രമണം നടത്താനുള്ള കഴിവ് മറ്റ് യുദ്ധവിമാനങ്ങളില്‍ നിന്നും റഫേലിനെ വ്യത്യസ്തമാക്കുന്നതാണ്. ഇന്ത്യന്‍ ആക്രമണശേഷിയുടെ കുന്തമുനയായി ഇനി ഈ യുദ്ധവിമാനവും മാറും.

ഇതിനു പുറമെയാണ് അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ പോലും ചാരമാക്കുന്ന റഷ്യന്‍ ടെക്നോളജിയും ഇന്ത്യയിലെത്തുന്നത്.

എസ് 400 ട്രയംഫ് എന്ന അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങുന്നതിനെ അമേരിക്ക പോലും ഭയപ്പെട്ടിരുന്നു.

അമേരിക്കന്‍ സമ്മര്‍ദ്ദങ്ങളെ മുഖവിലക്കെടുക്കാതെയാണ് 42,000 കോടി ചിലവിട്ട് എസ് 400 ട്രയംഫ് ഇന്ത്യ സ്വന്തമാക്കുന്നത്. ഈ ആധുനിക ടെക്നോളജി കൂടി എത്തുന്നതോടെ ആര്‍ക്കും തൊടാന്‍ പറ്റാത്ത ശക്തിയായി ഇന്ത്യ മാറും.

ഇന്ത്യന്‍ സൈനികരുടെ പോരാട്ട വീര്യവും .ആധുനിക സാങ്കേതിക വിദ്യയും കൂടി ഒത്തു ചേര്‍ന്നാല്‍ അതൊരു പുതിയ കരുത്താകും. പാക്കിസ്ഥാനെ മാത്രമല്ല, ലോക പൊലീസ് ചമയുന്ന രാജ്യങ്ങളെ പോലും ഭയപ്പെടുത്തുന്ന കാര്യമാണത്.

Staff Reporter

Top