‘ചീറ്റ’ക്കും ‘ചേതകി’നും കാലപ്പഴക്കം; സൈന്യം ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കും

തിര്‍ത്തി നിരീക്ഷണത്തിനും സൈനിക ദൗത്യങ്ങള്‍ക്കുമായി അഞ്ചു വര്‍ഷത്തേക്ക് 20 ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കാന്‍ ഇന്ത്യന്‍ കരസേന. വടക്കന്‍ അതിര്‍ത്തി ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം വര്‍ധിച്ച സാഹചര്യത്തിലും പുതിയ ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്ന കരാറുകള്‍ വൈകുന്നതിനാലുമാണ് പുതിയ നീക്കം. വലിയ തോതില്‍ കാലപ്പഴക്കം വന്ന ചീറ്റ, ചേതക് ഹെലിക്കോപ്റ്ററുകള്‍ക്ക് പകരമാണ് വാടകക്കെടുത്ത ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുക.

പ്രതിരോധവകുപ്പിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുമതിയോടെ 20 സൈനിക ഹെലിക്കോപ്റ്ററുകളും അവയെ ഭൂമിയിലിരുന്ന് നിയന്ത്രിക്കാന്‍ വേണ്ട ഉപകരണങ്ങളും സഹിതം അഞ്ചു വര്‍ഷത്തേക്കാണ് വാടകക്കെടുത്തിരിക്കുന്നത്. പൈലറ്റുമാര്‍ക്കും അറ്റകുറ്റപണികള്‍ നടത്തുന്നവര്‍ക്കും വേണ്ട പരിശീലനവും വാടക കാലയളവില്‍ ഹെലിക്കോപ്റ്ററുകളുടെ അറ്റകുറ്റപണിക്കു വേണ്ട പിന്തുണയും വാടക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹെലിക്കോപ്റ്റര്‍ നിര്‍മാണ കമ്പനികളില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വാടകക്ക് നല്‍കുന്ന കമ്പനികളില്‍ നിന്നും പ്രതിരോധവകുപ്പ് കരാറിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2020ലെ ഡിഫെന്‍സ് അക്വിസിഷന്‍ പ്രൊസീജ്യറിലെ ഒമ്പതാം വകുപ്പ് അനുസരിച്ചായിരിക്കും കരാറില്‍ തീരുമാനമെടുക്കുക. ആറു മാസത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ശ്രമം. ഒക്ടോബര്‍ പകുതിയോടെ വിശദാംശങ്ങള്‍ സഹിതം അപേക്ഷ നല്‍കേണ്ടി വരും. രണ്ടു വര്‍ഷത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. വാടക കാലാവധി അഞ്ചു വര്‍ഷമെന്നത് പത്തുവര്‍ഷം വരെ നീട്ടാനും സാധ്യതയുണ്ട്.

ഇന്ത്യന്‍ സേനയില്‍ ചീറ്റ, ചേതക്, ചീതള്‍ വിഭാഗങ്ങളിലായി 190 ഹെലിക്കോപ്റ്ററുകളാണുള്ളത്. ഇതില്‍ 70 ശതമാനത്തിലേറെ(134 എണ്ണം) 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. അഞ്ചെണ്ണത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് നേരത്തെ റിപോര്‍ടുകൾ വന്നിരുന്നു. 190 ഹെലിക്കോപ്റ്ററുകളില്‍ ശരാശരി 25 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ അറ്റകുറ്റ പണികളിലായിരിക്കും. ആവശ്യമുള്ളതില്‍ 37 ശതമാനത്തിന്റെ കുറവ് ഹെലിക്കോപ്റ്ററുകളുടെ എണ്ണത്തില്‍ സംഭവിക്കുന്നുണ്ട്. കാലപ്പഴക്കത്തിനൊപ്പം ഈ ലഭ്യത കുറവുമാണ് ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് എടുക്കുന്നതിലേക്ക് ഇന്ത്യന്‍ സേനയെ എത്തിച്ചിരിക്കുന്നത്.

റഷ്യയില്‍ നിന്നുള്ള Ka-226T ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്ന കരാര്‍ നിരവധി വര്‍ഷങ്ങളായി വൈകുകയാണ്. എച്ച്.എ.എല്‍ നിര്‍മിക്കുന്ന ലൈറ്റ് യൂട്ടിലിറ്റി ഹെലിക്കോപ്റ്ററിന് സേനയുടെ ഭാഗമാവണമെങ്കില്‍ ഓട്ടോ പൈലറ്റ് അടക്കം പല കടമ്പകളും ഇനിയും മറികടക്കേണ്ടതുണ്ട്. കരാറില്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യത്തിന് വാടകക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

തദ്ദേശീയമായി നിര്‍മിച്ച 145 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാണ്. ഇതില്‍ 75 എണ്ണം രുദ്രയും 25 എണ്ണം എഎല്‍എച്ച് ധ്രുവ് എംകെ-III ഹെലിക്കോപ്റ്ററുകളുമാണ്. സിയാച്ചിന്‍ അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ സൈനിക നീക്കങ്ങള്‍ക്കും ചരക്കു നീക്കങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഈ ലൈറ്റ് ഹെലിക്കോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. കരസേനക്കു പുറമേ നാവിക-വ്യോമ സേനയും ഈ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.

Top