ഇന്ത്യ ദോക് ലാമില്‍ കാലുകുത്തിയാല്‍ ഇനി ആക്രമിക്കുമെന്ന് ചൈനീസ് അതിര്‍ത്തി സേന

ന്യൂഡല്‍ഹി: ദോക് ലാം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകമാവും.

ദോക് ലാമിലെ തര്‍ക്ക സ്ഥലത്തിന് സമീപം വീണ്ടും ചൈന റോഡ് നിര്‍മാണം തുടങ്ങിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സേന ഏത് വെല്ലുവിളിയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്.

അതേ സമയം ഇനി ദോക് ലാമില്‍ ഇന്ത്യന്‍ സേന കാലു കുത്തിയാല്‍ ആക്രമിക്കുമെന്ന നിലപാടിലാണ് ചൈനീസ് സേന.

മുന്‍പ് ചൈനയുടെ റോഡ് നിര്‍മ്മാണം തടഞ്ഞത് പോലെ ഇത്തവണയും ഇന്ത്യ ശ്രമിച്ചാല്‍ അത് ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സാധ്യത.

ഇന്ത്യയെ സംബന്ധിച്ച് രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ നിര്‍വ്വാഹവുമില്ല.
22278773_2013968082172389_1665505126_n

യാതുങ്ങ് പോസ്റ്റില്‍ മാത്രം 1000 സൈനികരെ ചൈന നിയോഗിച്ചിട്ടുണ്ട്.

ഫൈറ്റ്ഓഫില്‍ നിന്ന് ഏകദേശം 800 മീറ്റര്‍ അകലെയാണ് ബറ്റാലിയന്‍ സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

12000 സൈനികര്‍, 150 ടാങ്കുകള്‍, പീരങ്കിപ്പടികള്‍ എന്നിവരുടെ ഒരു ചൈനീസ് വിഭാഗം ചുംബി താഴ് വരയിലെ ഫരി സോംഗില്‍ നിന്നും സിക്കിം അതിര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിന്മാറിയ ദോക് ലാമിലെ ഇപ്പോള്‍ ചൈന പഴയത് പോലെ തന്നെ സൈനികരുടെ എണ്ണം ഇതിനകം തന്നെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

തര്‍ക്ക പ്രദേശത്തേക്കുള്ള റോഡിന്റെ ചൈനയുടെ ഭാഗത്തെ വീതി 10 മീറ്റര്‍ കൂട്ടി, ചൈനീസ് പട്ടാളത്തിനുള്ള സൗകര്യങ്ങള്‍ ഇരട്ടിയാക്കിയും വലിയ പ്രകോപനമാണ് ചൈന സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ക്ഷമ ചൈന പരിശോധിക്കുന്നത് നല്ലതിനല്ലെന്ന മുന്നറിയിപ്പ് നല്‍കി കരസേനാ മേധാവി രംഗത്ത് വന്നതോടെ എപ്പോള്‍ വേണമെങ്കിലും സങ്കര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്.

ദോക് ലാമിലെ ചുംബി താഴ് വരയിലെ ചൈനീസ് സാന്നിദ്ധ്യം ആശങ്ക വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരിക്കുന്നതായി വ്യോമസേനാ തലവന്‍ ബിഎസ് ധനോവയും പ്രതികരിച്ചു. ഏത് സാഹചര്യം നേരിടാനും വ്യോമസേന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദോക്‌ലാം മേഖലയില്‍ അവകാശം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൈനയുടെ നടപടിയെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
22278572_2013968085505722_804373761_n
കഴിഞ്ഞ മാസം തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ദോക്‌ലാമിന്റെ വടക്ക് കിഴക്ക് മേഖലയിലാണ് ചൈന പുതിയ നിര്‍മാണ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിര്‍മ്മാണ യന്ത്രങ്ങള്‍ക്ക് പുറമേ ബുള്‍ഡോസറുകളും മറ്റും ഇവിടേയ്ക്ക് കൊണ്ടുവന്നാണ് നിര്‍മ്മാണം മെച്ചപ്പെടുത്തുന്നത്.

ഏതാനും നാളായി ചൈന കൈവശം വെച്ചിരിക്കുന്നതും പെട്രോളിംഗിനും മറ്റുമായി സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ റോഡ് തങ്ങളുടെ അധീനപ്രദേശങ്ങളിലൂടെ ആണെന്നാണ് ഭൂട്ടാന്‍ വാദിക്കുന്നത്.

ഈ റോഡ് സിക്കിം-ഭൂട്ടാന്‍-ടിബറ്റ് അതിര്‍ത്തിയിലായതിനാല്‍ ഇന്ത്യന്‍ മേഖലയായ സിക്കിമിലേക്ക് ചൈനയ്ക്ക് അനായാസം കടക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് ഇന്ത്യ നോക്കിക്കാണുന്നത്.

ഇന്ത്യയിലേക്ക് ചൈനീസ് സേനക്ക് എളുപ്പത്തില്‍ കടക്കാന്‍ പറ്റുന്ന ഭൂമി ശാസ്ത്രപരമായ അനുകൂല സാഹചര്യമാണ് ഇവിടെയുള്ളത്.

ഈ കാരണം കൊണ്ടാണ് ഇന്ത്യന്‍ സേന നേരത്തെ റോഡ് നിര്‍മാണം തടഞ്ഞിരുന്നത്.

എഴുപത് ദിവസം നീണ്ടു നിന്ന ദോക് ലാമിലെ സംഘര്‍ഷാവസ്ഥക്ക് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചതോടെയാണ് അയവ് വന്നിരുന്നത്.

ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷിച്ചു കൊള്ളാമെന്ന ഇന്ത്യയുടെ കരാറും സൈനിക ഇടപെടലിനു കാരണമായിരുന്നു.

ഈ സാഹചര്യത്തില്‍ വീണ്ടും ചൈന പ്രകോപനം സൃഷ്ടിച്ചതിനാല്‍ ഇന്ത്യയും ശക്തമായ നിലപാടിലേക്ക് മാറുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദോക് ലാമിലേക്ക് പോകാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് കാത്തിരിക്കുകയാണിപ്പോള്‍ ഇന്ത്യന്‍ സൈന്യം.

Top