ഇന്ത്യന്‍ സൈനികര്‍ക്ക് ഇനി ലക്ഷ്യം തെറ്റാത്ത കരുത്തനായ ‘ എകെ 203 ‘ മെഷിൻഗൺ

ന്യൂഡല്‍ഹി ; ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനികര്‍ക്ക് ഇനി പരിഷ്‌കരിച്ച എകെ 203 തോക്കുകളും. തീവ്രവാദികളുമായും നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ ഇത് സൈന്യത്തിന് മനോവീര്യം പകരും. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡും റഷ്യയും സംയുക്തമായാണ് ഈ തോക്കുകള്‍ നിര്‍മ്മിക്കുന്നത്.

ഇതിനോടകം 93000 ചെറു യന്ത്രത്തോക്കുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടര്‍ ഫാസ്റ്റ് ട്രാക്ക് രീതിയില്‍ നല്‍കാനാണ് ആലോചന. എകെ 203 ന്റെ പിന്‍ഭാഗം നീക്കി ഈ തോക്ക് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവയ്ക്കാന്‍ സാധിക്കുന്ന തരം ചെറു തോക്കാക്കി മാറ്റാനാവും. ആവശ്യമെങ്കില്‍ ഈ തോക്കില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനുമാവും.

750000 റൈഫിളുകളാണ് റഷ്യന്‍ തോക്ക് നിര്‍മാതാക്കളുമായി ഇന്ത്യ കരാറൊടുപ്പിട്ടത്. ഇന്‍ഫാന്‍ട്രി ട്രൂപ്പുകള്‍ക്ക് വേണ്ടിയാണ് ഈ തോക്കുകള്‍. റഷ്യയുടെ സഹായത്തോടെ പ്രതിരോധ വ്യാവസായിക സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഒരുക്കുമെന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. 170 കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ വരുന്നത്. കലാഷ്നികോവ് സീരീസിലെ ഏറ്റവും ആധുനിക രീതിയിലുള്ള തോക്കുകളും ഇന്ത്യക്കായി റഷ്യ നിര്‍മിക്കും. ഇത് പൂര്‍ണമായും പ്രാദേശിക തലത്തിലാണ് നിര്‍മാണം നടത്തുക.

എന്നാല്‍ തോക്കുകള്‍ വാങ്ങുന്ന കാര്യത്തെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥരും അടക്കമുള്ള ഒരു സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാവും പുതിയ തീരുമാനങ്ങള്‍.

Top