ഇന്ത്യന്‍ സൈന്യത്തിന് പുത്തന്‍ കരുത്ത്, അതിര്‍ത്തിയില്‍ ഇനി പാക്ക് ചങ്കിടിക്കും !

ന്ത്യന്‍ സൈന്യവും ഹൈടെക്ക് ആവുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങളാണ് സൈന്യത്തിന് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. അമേരിക്ക, റഷ്യ, ഇസ്രയേല്‍ നിര്‍മ്മിത ആധുനിക ആയുധങ്ങളാണ് ഇന്ത്യയിലേക്കെത്തുന്നത്. ഇതില്‍ അമേരിക്കയില്‍ നിന്നുമുള്ള സ്‌നിപ്പര്‍ റൈഫിളുകളും വെടിക്കോപ്പുകളും ഇതിനകം തന്നെ എത്തി തുടങ്ങിയിട്ടുണ്ട്.

72, 400 അത്യാധുനിക റൈഫിളുകള്‍ ഉള്‍പ്പെടെ 700 കോടിയുടെ കരാറാണ് ആദ്യഘട്ടത്തില്‍ അമേരിക്കയുമായി ഒപ്പുവച്ചിരിക്കുന്നത്. ഇതില്‍ 60,000 റൈഫിളുകളും കരസേനക്കു വേണ്ടിയുള്ളതാണ്. നാവിക സേനക്ക് 2000വും വ്യോമ സേനക്ക് 4000 റൈഫിളുകളുമാണ് നല്‍കുന്നത്.

കശ്മീരിലെ ഉത്തര കമാന്‍ഡിനായി 10,000 സിഗ് 716 റൈഫിളുകള്‍ എത്തിയതായി സൈനിക വക്താവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനു പുറമെ റഷ്യ നിര്‍മ്മിക്കുന്ന എ.കെ 203 റൈഫിളുകളും ഉടന്‍ സൈന്യത്തിന്റെ ഭാഗമാകും. റഷ്യയില്‍ നിന്നും ഏഴ് ലക്ഷം എ.കെ 203 റൈഫിളുകളാണ് ഇന്ത്യ വാങ്ങുന്നത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ക്ക് പുറമെയാണിത്. സൈനികര്‍ക്ക് ഗുണമേന്മയുള്ള ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നല്‍കുന്നതിനുള്ള നടപടിയും പ്രതിരോധ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

സൈനികരുടെ എണ്ണത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.സൈനികര്‍ക്ക് ആധുനിക ആയുധങ്ങള്‍ കൂടി ലഭിക്കുന്നതോടെ വലിയ മേധാവിത്വം തന്നെ ഇനി ഇന്ത്യക്ക് ലഭിക്കും.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നിലച്ച ആയുധ വിപണിക്കാണ് എന്‍.ഡി.എ ഭരണത്തിലിപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്.

ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള ആയുധ സമാഹരണമാണ് രാജ്യമിപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ലോകത്തിലെ നമ്പര്‍ വണ്‍ യുദ്ധവിമാനമായ റഫേലും അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെയും ഇന്ത്യയിലെത്തി കഴിഞ്ഞിട്ടുണ്ട്.

ഏത് പുതുതലമുറ യുദ്ധ വിമാനത്തെയും മിസൈലിനെയും തകര്‍ക്കുന്ന എസ് 400 ട്രയംഫും ഇപ്പോള്‍ റഷ്യ ഇന്ത്യക്ക് കൈമാറാന്‍ പോകുകയാണ്.42,000 കോടിയുടെ ഈ ഇടപാട് അമേരിക്കയുടെ എതിര്‍പ്പ് മറികടന്നാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. സൈനിക ശക്തിയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണിപ്പോള്‍ ഇന്ത്യ കുതിച്ചുകൊണ്ടിരിക്കുന്നത്.

കശ്മീരില്‍ നിരന്തരം കേട്ട വെടിയൊച്ചകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞതും കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത നിലപാട് മൂലമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ പ്രതിഷേധവും ‘ആവി’യായിട്ടുണ്ട്.

അതിര്‍ത്തി കടന്ന് ഒരാക്രമണം നടത്താന്‍ പാക്ക് ഭീകരര്‍ പോലും പേടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബാലക്കോട്ടെ തിരിച്ചടി അത്ര മാത്രം ഭീകരരെ തകര്‍ത്തിട്ടുണ്ട്. പ്രതികരണം ഭീഷണിയില്‍ മാത്രം ഒതുങ്ങിയെങ്കിലും ഇന്ത്യയിപ്പോള്‍ ജാഗ്രതയില്‍ തന്നെയാണ്.

ഏത് തരം പ്രകോപനം ഉണ്ടായാലും അതിര്‍ത്തി കടന്ന് ആക്രമിക്കുമെന്ന നിലപാടിലാണ് സൈന്യം. ലോക രാഷ്ട്രങ്ങളെയും ഇക്കാര്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇനി പ്രകോപനമുണ്ടായാല്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പ് ചൈനയും പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്.

വന്‍ തുക ചിലവഴിച്ച് ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി കടന്ന് പോകുന്നത് പാക്ക് അധീന കശ്മീരിലൂടെയാണ്. ഇതാണ് ചൈനയുടെ ആശങ്കക്ക് പ്രധാന കാരണം. അവസരം ഉണ്ടാക്കി ആക്രമിച്ച് സാമ്പത്തിക ഇടനാഴി ഇന്ത്യ തകര്‍ക്കുമെന്ന ആശങ്കയിലാണ് ചൈന.

സൈനിക വിന്യാസം കൂടി ലഷ്യമിട്ട് സൃഷ്ടിക്കുന്ന പാത ആയതിനാല്‍ സാമ്പത്തിക ഇടനാഴി ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖത്താണ് സാമ്പത്തിക ഇടനാഴി ചെന്നെത്തുന്നത്. ഇവിടുത്തെ ജനങ്ങളാകട്ടെ പാക്കിസ്ഥാനില്‍ നിന്നും മോചനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുമാണ്. ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്‍ നിരന്തരം ആരോപിക്കുന്നത്.കശ്മീരിലെ തലവേദനക്ക് ബലൂചിസ്ഥാനിലൂടെ ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കുകയാണെന്നാണ് ആരോപണം.

കാര്യങ്ങള്‍ ചൈനക്കും പകല്‍ പോലെ വ്യക്തമാണെങ്കിലും നേരിട്ട് ഇടപെടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയുമായി നേരിട്ടൊരു സംഘര്‍ഷം ചൈന ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.റഷ്യയുടെ ഇന്ത്യന്‍ സൗഹൃദമാണ് ചൈനയെ പിറകോട്ടടിപ്പിക്കുന്നത്.

അമേരിക്കന്‍ നീക്കങ്ങള്‍ക്കെതിരെ റഷ്യയാണ് നിലവില്‍ ചൈനക്കൊപ്പം നില്‍ക്കുന്നത്.ഈ സൗഹൃദം ഇല്ലാതാക്കാന്‍ ചൈന നിലവില്‍ തയ്യാറല്ല. സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ പോലും പാക്കിസ്ഥാനെയല്ല, ഇന്ത്യയെയാണ് പിന്തുണയ്ക്കുന്നത്. ഇതു തന്നെയാണ് ഇന്ത്യയുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നത്.

Staff Reporter

Top