പരിക്കേറ്റ പാക് ഭീകരന്റെ ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈന്യം

ഡല്‍ഹി: ജമ്മു കശ്മീരിലെ അതിര്‍ത്തി പോസ്റ്റില്‍ ആക്രമണം നടത്തുന്നതിനിടെ പരിക്കേറ്റ പാക് ഭീകരന് രക്തം നല്‍കി ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍. ഗുരുതരമായി പരിക്കേറ്റ ഭീകരന് സൈനികര്‍ മൂന്ന് കുപ്പി രക്തമാണ് നല്‍കിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 21 ന് ആയിരുന്നു ആക്രമണം നടന്നത്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞതിന് പിന്നാലെ ഒരു ഭീകരന്‍ ഇന്ത്യന്‍ പോസ്റ്റിന് സമീപം വന്ന് വേലി മുറിക്കാന്‍ ശ്രമിച്ചു. ഈ സമയം സൈനികര്‍ തിരിച്ചടിച്ചു. ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് താഴെ വീഴുകയായിരുന്നു. പിന്നില്‍ ഒളിച്ചിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപെടുകയായിരുന്നെന്ന് നൗഷേര ബ്രിഗേഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ കപില്‍ റാണ പറഞ്ഞു.

ഭീകരന്റെ തുടയിലും തോളിലുമാണ് വെടിയേറ്റത്. അതിനാല്‍ തന്നെ ഭീകരന് രക്തം ആവശ്യമായി വന്നു. രക്തഗ്രൂപ്പുമായി ചേരുന്ന മൂന്ന് സൈനികര്‍ അംഗങ്ങള്‍ മൂന്ന് കുപ്പി രക്തം നല്‍കി. ഭീകരനെ ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് രാജൗരിയിലെ ആര്‍മി ആശുപത്രി കമാന്‍ഡന്റ് ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞു. ഇയാള്‍ ആരോഗ്യനില വീണ്ടെടുത്തെന്നും അപകടനില തരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയിലേക്ക് കടക്കുന്നതിന് ഇയാള്‍ക്ക് പാകിസ്ഥാന്‍ 30,000 രൂപയും നല്‍കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ അടക്കമുള്ള അഞ്ചംഗ സംഘത്തെ പാകിസ്ഥാന്‍ കേണല്‍ യൂനസ് ആണ് അയച്ചിരിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍.

രണ്ട് വര്‍ഷത്തോളം കാലം പാക് ഇന്റലിജന്‍സ് യൂണിറ്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് നേരത്തെയും നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നുവെന്നും ഭീകരന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
”ഇയാളെ മുമ്പ് 2016ല്‍ സഹോദരന്‍ ഹാറൂണ്‍ അലിയ്ക്കൊപ്പം ഇതേസെക്ടറില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു. പിന്നീട്, 2017 നവംബറില്‍ മാനുഷിക കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചയച്ചു,” സൈനികര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Top