തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, ഒരാളെ തിരിച്ചറിഞ്ഞു

ഷോപ്പിയാന: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാനുള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ തിരിച്ചടിച്ച് സൈന്യം. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ മൂന്ന് ഭീകരരെ വകരുത്തിയതായി അധികൃതര്‍ അറിയിച്ചു. കശ്മീര്‍ ഐജിപി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞതായും അധികൃതര്‍ പറഞ്ഞു.

ഗന്ദര്‍ബാലിലെ മുഖ്താര്‍ ഷാ എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ബീഹാറിലെ തെരുവ് കച്ചവടക്കാരനായ വീരേന്ദ്ര പാസ്വാനെ കൊലപ്പെടുത്തിയ ശേഷം ഷോപ്പിയാനിലേക്ക് പ്രവര്‍ത്തനം മാറ്റിയ വ്യക്തിയാണ് മുഖ്താര്‍ ഷാ എന്നാണ് കശ്മീര്‍ ഐജിപി വിജയ് കുമാറിന്റെ നിലപാട്. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടെ അഞ്ച് ഭീകരരെയാണ് ഷോപ്പിയാന്‍ മേഖലയില്‍ നിന്ന് സൈന്യം വകവരുത്തിയത്. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.

അതിര്‍ത്തിയില്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷാ സേന പൂഞ്ച് ജില്ലയില്‍ തിരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ഉള്‍പ്പെടെയാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം. നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേരെ വധിച്ചെന്നുമാണ് സൈന്യം നല്‍കുന്ന വിവരം. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Top