ചൈനയുടെ അത്യാധുനിക നിരീക്ഷണ സംവിധാനത്തെ മറികടന്ന് ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് നിലയുറപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ നീക്കങ്ങള്‍ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ ചൈന സ്ഥാപിച്ചിരുന്ന ക്യാമറകള്‍, പര്യവേഷണത്തിനുള്ള ഉപകരണങ്ങളുടെയും കണ്ണുവെട്ടിച്ചാണ് ഇന്ത്യ തടാകതീരത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എത്തുന്നതിനു മുന്‍പ് തികച്ചും തന്ത്രപരമായ നീക്കത്തിലൂടെ ഇന്ത്യന്‍ സേന ഇവിടെ ആധിപത്യം ഉറപ്പിച്ചു. വളരെ രഹസ്യമായി സ്ഥിതി ചെയ്യുന്ന ഉയരങ്ങളിലേക്ക് ചൈനീസ് സേനയുടെ എല്ലാ നിരീക്ഷണസംവിധാനങ്ങളെയും തകര്‍ത്ത് ഇന്ത്യ പിടിമുറുക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന് ചൈനീസ് സൈന്യം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ചൈനയുടേതെന്ന് അവകാശപ്പെടുന്ന മേഖലയില്‍ ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തിയാല്‍ അതിനെ തടയുക ലക്ഷ്യമിട്ടായിരുന്നു അവരുടെ പ്രവര്‍ത്തനം. എന്നാല്‍ ഇന്ത്യന്‍ സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചതോടെ ചൈനയുടെ സംവിധാനങ്ങളെല്ലാം ഇവിടെനിന്നും നീക്കി.

അതേസമയം, പാംഗോങ് തടാകത്തിന്റെ തെക്കന്‍ പ്രദേശത്തോടു ചേര്‍ന്ന ഈ ഉയര്‍ന്ന പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ ആവകാശവാദം. പാംഗോങ് തടാകത്തോടും സ്പന്‍ഗുര്‍ ഗ്യാപ്പിനോടും ചേര്‍ന്ന ഈ പ്രദേശത്താണ് ചൈനയുടെ അര്‍മേര്‍ഡ് റെജിമെന്റ് സ്ഥിതി ചെയ്യുന്നത്. സ്‌പെഷല്‍ ഓപ്പറേഷന്‍സ് യൂണിറ്റും സിഖ് ലൈറ്റ് ഇന്‍ഫന്ററി ട്രൂപ്പും അടങ്ങുന്ന സൈനിക വിന്യാസത്തിലൂടെ ഏതുവിധേനയും ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യ തയാറായിരുന്നു.

Top