ഒന്നല്ല, രക്ഷിച്ചത് ഒമ്പത് ജീവന്‍; സൈനികനെ തേടിയെത്തിയത് രാഷ്ട്രപതിയുടെ സേനാ മെഡല്‍

കോഴിക്കോട്: സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണം വിട്ട ഹെലികോപ്റ്ററിലുണ്ടായ 9 പേരുടെ ജീവന്‍ രക്ഷിച്ച സൈനികനെതേടിയെത്തിയത് രാഷ്ട്രപതിയുടെ സേനാ മെഡല്‍. 2000 അടി ഉയരത്തില്‍ ദിശതെറ്റി സഞ്ചരിക്കുന്ന ഹെലികോപ്റ്ററിനെ നിയന്ത്രിച്ച് സുരക്ഷിതമായൊരു സ്ഥലത്ത് ഇടിച്ചിറക്കിയത്, കോഴിക്കോട് സ്വദേശി ലെഫ്റ്റനന്റ് കേണല്‍ ബിശ്വാസ് ആര്‍. നമ്പ്യാര്‍.

ഒരുനിമിഷം ശ്രദ്ധ പാളിയെങ്കില്‍, താഴെ പരന്നുകിടക്കുന്ന പരുക്കന്‍ മലനിരകളില്‍ ചിതറിയൊടുങ്ങുമായിരുന്നു ഒമ്പത് ജീവിതങ്ങള്‍. ആ സാഹസികമായ രക്ഷാദൗത്യത്തിനുള്ള അംഗീകാരമാണ് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍.

2019 ഒക്ടോബര്‍ 24ന് കശ്മീര്‍ അതിര്‍ത്തിയിലെ പൂഞ്ച് ജില്ലയില്‍ ഭീകരവാദികളുടെ കേന്ദ്രങ്ങളിലേക്ക് പരിശോധനയ്ക്കായി പോവുകയായിരുന്ന കരസേനയുടെ പുത്തന്‍ ഹെലികോപ്റ്ററാണ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ലെഫ്റ്റനന്റ് ജനറല്‍ ഓഫീസര്‍ രണ്‍ബീര്‍ സിങ് ഉള്‍പ്പെടെ ഒമ്പതംഗ സംഘമാണ് കോപ്റ്ററിലെ യാത്രക്കാര്‍.

ദെഹ്‌റാദൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു ബിശ്വാസിന്റെ വിദ്യാഭ്യാസവും പരിശീലനവും. 2003-ല്‍ പാരച്യൂട്ട് റെജിമെന്റില്‍ ലഫ്റ്റനന്റ് ആയാണ് ജോലിയില്‍ ചേര്‍ന്നത്.” അംഗീകാരങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും രാഷ്ട്രത്തിന്റെ അംഗീകാരം ലഭിച്ച വിവരമറിഞ്ഞപ്പോള്‍ സന്തോഷവും അഭിമാനവും തോന്നിയെന്ന്” ബിശ്വാസ് മാതൃഭൂമിയോട് പറഞ്ഞു.

Top