വീണ്ടും പാക്ക് പ്രകോപനത്തിനുള്ള സൂചന; കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ

ശ്രീനഗര്‍: വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ വിന്യസിക്കുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്.

എന്നാല്‍, പാക്കിസ്ഥാന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേര്‍ന്നുള്ള സ്‌കര്‍ദു എയര്‍ ബേസിലാണ് പാക്കിസ്ഥാന്റെ വിമാനങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

സി-130 എന്ന് പേരുള്ള മൂന്ന് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളാണ് പാകിസ്ഥാന്‍ ഇവിടെ ഇറക്കിയതെന്നും പോര്‍വിമാനങ്ങള്‍ക്ക് ആവശ്യമായ പടക്കോപ്പുകള്‍ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അധികം വൈകാതെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റര്‍ വിമാനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരുമെന്നാണ് സൂചന. കൂടാതെ, തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വെച്ച് പാക്കിസ്ഥാന്‍ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ ഇന്ത്യയുടെ തീരുമാനത്തില്‍ പാക്കിസ്ഥാന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അതിര്‍ത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം എന്നാണ് സൂചന.

Top