ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ കശ്മീരില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കിയെന്ന് സൈന്യം

ശ്രീനഗര്‍:കശ്മീരില്‍ നിന്നും ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് ഇന്ത്യന്‍ സൈന്യം. പുല്‍വാമ ചാവേറാക്രമണം കഴിഞ്ഞ് 100 മണിക്കൂറിനുള്ളിലാണ് സൈന്യം ദൗത്യം പൂര്‍ത്തീകരിച്ചതെന്നും ഇന്ത്യന്‍ കരസേന ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ വ്യക്തമാക്കി.

ആയുധവുമായ് രാജ്യദ്രോഹത്തിനിറങ്ങുന്ന മക്കളോട് അമ്മമാര്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കണം. കശ്മീരില്‍ തോക്കെടുക്കുന്ന ആരെങ്കിലും കീഴടങ്ങിയില്ലെങ്കില്‍ അവരെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും സൈന്യം മുന്നറിയിപ്പു നല്‍കി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ സൈനിക ഓപ്പറേഷനില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണു സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ നാല് സൈനികരും ഒരു കശ്മീര്‍ പൊലീസ് കോണ്‍സ്റ്റബിളും വീരമൃത്യു വരിച്ചിരുന്നു.

മേജര്‍ വിഭൂതി ശങ്കര്‍ ദോണ്ടിയാല്‍, ശിപായി ഹരി സിങ്, ഹവില്‍ദാര്‍ ഷിയോ റാം, ശിപായി അജയ് കുമാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ റാഷിദ് കലസ് എന്നിവരാണു വീരമൃത്യു വരിച്ചത്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന കമ്രാന്‍ ഉള്‍പ്പെടെയുള്ള ഭീകരരെയാണു സൈന്യം വധിച്ചത്.

Top