ലോകത്തിന് മുന്നിൽ വീണ്ടും മാതൃക ! ഈ സല്യൂട്ട് നൽകും പുതിയ കരുത്ത്

രിക്കല്‍ കൂടി ഈ കൊറോണ കാലത്ത് ഇന്ത്യ ലോകത്തിന് മുന്നില്‍ വിസ്മയമായിരിക്കുകയാണ്.

ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തിയും ലോക്ക് ഡൗണ്‍ കാലത്തെ പ്രവര്‍ത്തന മികവിന് പൊലീസിന് ബിഗ് സല്യൂട്ട് നല്‍കിയും ലോക ശ്രദ്ധ പിടിച്ചുപറ്റിയത് ഇന്ത്യന്‍ സേനയാണ്.

മറ്റൊരു രാജ്യത്തും നടക്കാത്ത സംഭവമാണിത്. കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനാണ് രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളും രംഗത്തിറങ്ങിയിരിക്കുന്നത്.

കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ പറന്നാണ് ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി വ്യോമസേനയുടെ വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊച്ചി നേവല്‍ ബേസ് ആശുപത്രിയിലുമായിരുന്നു പുഷ്പവൃഷ്ടി.

രാവിലെ പത്തരയോടെ മൂന്ന് സൈനികത്തലവന്മാരും ഒരുമിച്ച് ഡല്‍ഹിയിലെ പൊലീസ് മെമ്മോറിയലില്‍ റീത്ത് സമര്‍പ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഡല്‍ഹിയില്‍ സുഖോയ് 30 വിമാനങ്ങളും മിഗ് 29 വിമാനങ്ങളും രാജ്പഥില്‍ ഫ്‌ലൈപാസ്റ്റ് നടത്തുകയും ഇന്ത്യാഗേറ്റ് മുതല്‍ ചെങ്കോട്ട വരെയുള്ള സ്ഥലത്ത് പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ശ്രീനഗറില്‍ ദാല്‍ തടാകത്തിലും ചണ്ഡിഗഡില്‍ സുഖ്‌ന തടാകത്തിലുമാണ് ഫ്‌ലൈപാസ്റ്റ്.

മുംബൈയില്‍ മറൈന്‍ ഡ്രൈവിലാണ് ഫ്‌ലൈപാസ്റ്റ് നടന്നത്. കിങ് എഡ്വേര്‍ഡ് ആശുപത്രിയിലും കസ്തൂര്‍ബ ഗാന്ധി ആശുപത്രിയിലും പുഷ്പവൃഷ്ടി നടത്തി. ഇറ്റാനഗര്‍, ഗുവാഹത്തി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെയ് 3ന് രാവിലെ 10.30നാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടന്നത്.

മുെബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ അഞ്ച് കപ്പലുകള്‍ രാത്രി 7.30 മുതല്‍ 11.59 വരെ ദീപാലംകൃതമായിരിക്കും. ‘കൊറോണ പോരാളികളെ ഇന്ത്യ നമിക്കുന്നു’ എന്ന പോസ്റ്ററുകളും കപ്പലുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കപ്പലുകള്‍ ദീപാലംകൃതമാക്കുന്നതിന് പുറമെ കൊറോണ പോരാളികളെ ആദരിക്കാന്‍ ഗോവ നേവല്‍ ബേസില്‍ മനുഷ്യചങ്ങലയും നിര്‍മ്മിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാജ്യത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആദരവും സൈന്യം നല്‍കുകയുണ്ടായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേക്ക് സമ്മാനിക്കുകയും ചെയ്തു. സൈന്യത്തിന്റെ വകയായി ഗ്ലൗസ്, മാസ്‌ക്, കുട്ടികള്‍ വരച്ച ആശംസാകാര്‍ഡുകള്‍ എന്നിവയും സൈന്യം പോലീസിന് കൈമാറിയിട്ടുണ്ട്.

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്‌ക്കൊപ്പം പോലീസിന്റെ പ്രവര്‍ത്തനവും ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി പറഞ്ഞു. വൈറസിനെ ചെറുക്കുന്നതിലും ലോക്ഡൗണ്‍ നടപ്പാക്കുന്നതിലും പോലീസ് സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. രാജ്യത്തെങ്ങും പോലീസിനെ ആദരിക്കുന്നതിന് മുന്‍കൈയെടുത്ത സൈന്യത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നന്ദിയും പ്രകാശിപ്പിക്കുകയുണ്ടായി.

മുതിര്‍ന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥന്‍മാരും ഈ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.

ഇതൊരു പുതിയ ചരിത്രമാണ് പുതിയ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇത്തരം മനക്കരുത്ത് നല്‍കുന്ന നടപടികള്‍ ലോകത്തിന് തന്നെ അനിവാര്യവുമാണ്.

വികസിത രാജ്യങ്ങളെ പോലും വേട്ടയാടി വിളയാടുന്ന കൊറോണ വൈറസിന് മുന്നില്‍ ഇന്ത്യ ഇപ്പോഴും ശക്തമായ പ്രതിരോധക്കോട്ടയാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരും പൊലീസും കേന്ദ്ര സര്‍ക്കാറും, സംസ്ഥാന സര്‍ക്കാറുകളുമെല്ലാം ഒറ്റക്കെട്ടായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ചെയ്തത് പോലെ വൈറസിനെ അവഗണിക്കുകയല്ല, പ്രതിരോധിക്കുകയാണ് രാജ്യം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും ഡല്‍ഹിയുമെല്ലാം ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുതിച്ച് ഉയരാതെ പിടിച്ച് നിര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ട്. കേരളമാണ് ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുന്നത്.

140 കോടിയോളം ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ജനസംഖ്യ നിരക്കില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണിത്.

ഇവിടെ കോവിഡ് 19 ശവപറമ്പാക്കുമെന്നാണ് അന്താരാഷ്ട്ര രംഗത്തെ ആരോഗ്യ വിദഗ്ദര്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ ഈ ഭീഷണിയെ ഫലപ്രദമായാണ് രാജ്യമിപ്പോള്‍ പ്രതിരോധിച്ച് കൊണ്ടിരിക്കുന്നത്.

മാത്രമല്ല, ശത്രുരാജ്യങ്ങള്‍ ഉള്‍പ്പെടെ 87 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വൈറസ് പ്രതിരോധത്തിന് മരുന്നുകള്‍ നല്‍കിയിരിക്കുന്നത്.

കൊവിഡ് ബാധിതര്‍ക്ക് മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്‌സിക്യു) ആണ് മിക്കയിടത്തും നല്‍കി വരുന്നത്. ഈ മരുന്ന് ലോകത്ത് തന്നെ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.

87 രാജ്യങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ 28 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്‌സിക്യു) ഗുളികകള്‍, 19 ലക്ഷം പാരസെറ്റമോള്‍ എന്നിവ ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങള്‍ക്ക് 28 ലക്ഷം എച്ച്‌സിക്യു ടാബ്ലെറ്റുകള്‍ സഹായമായി നല്‍കിയിട്ടുണ്ട്. ഏകദേശം 19 ലക്ഷം പാരസെറ്റമോള്‍ 31 രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് എംഇഎയുടെ വക്താവ് അനുരാഗ് ശ്രീവാസ്തവയും വ്യക്തമാക്കിയിട്ടുണ്ട്.

20 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ബംഗ്ലാദേശിലേക്ക് അയച്ചു. നേപ്പാള്‍ 10 ലക്ഷം, ഭൂട്ടാന്‍ രണ്ട് ലക്ഷം, ശ്രീലങ്ക 10 ലക്ഷം, അഫ്ഗാനിസ്ഥാന്‍ 5 ലക്ഷം, മാലിദ്വീപ് രണ്ട് ലക്ഷം എന്നിങ്ങനെ പോകുന്നു കണക്കുകള്‍. യു.എസ്.എ, സ്പെയിന്‍, ജര്‍മ്മനി, ബഹ്റൈന്‍, ബ്രസീല്‍, ഇസ്രായേല്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യ നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൊറോണക്കാലത്തിന് ശേഷം ഇന്ത്യ പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് നയതന്ത്ര വിദഗ്ദരും നിലവില്‍ വിലയിരുത്തുന്നത്.

ഇപ്പോള്‍ തന്നെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളുടെ കോര്‍പ്പറേറ്റ് കമ്പനികള്‍ ഇന്ത്യയിലേക്ക് ചുവട് മാറ്റാനുള്ള നീക്കത്തിലാണ്.ഇന്ത്യയിലേക്ക് വിദേശ പണം’ ഒഴികാനുള്ള സാധ്യത അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന ആരോപണമാണ് ആ രാജ്യത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വുഹാന്‍ പൂര്‍ണ്ണമായും അടച്ച ചൈന, വിദേശയാത്രകള്‍ വിലക്കാതിരുന്നതാണ് ലോക രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. വൈറസ് ബാധ പടരാന്‍ പ്രധാനകാരണവും ഈ യാത്രകളായിരുന്നു. വൈറസ് ലോകത്തും പടരട്ടെ എന്ന് ചൈന ആഗ്രഹിച്ചതായാണ് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വുഹാന്‍ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് പുറത്ത് കടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വൈറസ് ഭീഷണി ഒഴിയുന്നതോടെ ചൈനക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ വരാനാണ് ഇനി സാധ്യത. അമേരിക്കന്‍ പ്രസിഡന്റ് തന്നെ ഇതു സംബന്ധമായ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളുടെ നിലപാടും ഇതു തന്നെയാണ്.

ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് ചുവട് മാറാന്‍ ആലോചിക്കുന്നത്. വലിയ രൂപത്തില്‍ ഒരിക്കലും ഇന്ത്യയില്‍ വൈറസ് ബാധ ഉണ്ടാകില്ലന്ന് തന്നെയാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ വിലയിരുത്തല്‍.

രാജ്യത്തെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിനാണ് ഇതോടെ സാക്ഷ്യം വഹിക്കുക. കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. രാജ്യത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന എല്ലാ കമ്പനികള്‍ക്കും വലിയ പരിഗണന നല്‍കുമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിലപാട്.


Staff Reporter

Top