പുല്‍വാമ ആക്രമണത്തിനു ശേഷം പതിനെട്ട് ഭീകരരെ വധിച്ചു; വ്യക്തമാക്കി ഇന്ത്യന്‍ സൈന്യം

soldiers

ശ്രീനഗര്‍: പുല്‍വാമ ആക്രമണം ഉണ്ടായതിനു ശേഷം സുരക്ഷാസേന പതിനെട്ട് ഭീകരരെ വധിച്ചെന്ന് സൈന്യം. ഇതില്‍ ഭൂരിഭാഗം പേരും പാക്കിസ്ഥാനില്‍ നിന്നുള്ള ജയ്‌ഷെ, ലഷ്‌കര്‍ ഭീകരരായിരുന്നുവെന്നും സൈന്യം അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ 44 ഭീകരരെയാണ് ജമ്മു-കശ്മീരില്‍ വധിച്ചത്. 2018ല്‍ നിയന്ത്രണരേഖയില്‍ 1629 പ്രാവശ്യം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. 2019ല്‍ 478 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, സൈന്യം വ്യക്തമാക്കി.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പുല്‍വാമയിലെ പിംഗ്ലിഷില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

23വയസ്സുള്ള അഹമ്മദ് ഖാന്‍ ഇലക്ട്രിക്കല്‍ ജോലികളില്‍ വിദഗ്ദനാണ്. ഇയാളാണ് ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളും വാഹനവും ഏര്‍പ്പാടാക്കിയത്. സി. ആര്‍. പി വ്യൂഹത്തില്‍ കാര്‍ബോംബ് ഇടിച്ചു കയറ്റിയ ഭീകരന്‍ അദില്‍ അഹമ്മദ് ദര്‍ ഓപ്പറേഷന് മുന്‍പ് അഹമ്മദ് ഖാനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

2017ലാണ് അഹമ്മദ് ഖാന്‍ ജയ്ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ആദ്യം സംഘടനയുടെ പുറം ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ ക്രമേണ ഭീകരാക്രമണത്തില്‍ പരിശീലനം നേടി മുന്‍നിരയിലേക്ക് വരികയായിരുന്നു. കശ്മീര്‍ താഴ്വരയില്‍ ജയ്ഷെ ഭീകരഗ്രൂപ്പിന് പുനര്‍ജന്മം നല്‍കിയ നൂര്‍ മുഹമ്മദ് താന്ത്രേ എന്ന നൂര്‍ ത്രാലി ആണ് ഇയാളെ ഭീകരതയിലേക്ക് എത്തിച്ചത്.

താന്ത്രേ 2017 ഡിസംബറില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 2018 ജനുവരി 14ന് വീട്ടില്‍ നിന്ന് അപ്രത്യക്ഷനായ ഖാന്‍ അന്നുമുതല്‍ ജയ്ഷെയില്‍ സജീവമാണ്. 2018 ജനുവരിയില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ട ലെത്പൊറ ഭീകരാക്രമണത്തിലും അക്കൊല്ലം ഫെബ്രുവരിയില്‍ സുന്‍ജവാന്‍ സൈനിക ക്യാമ്പില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്.

ഏറ്റുമുട്ടലില്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരി 14,വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വയനാട് സ്വദേശി വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സി ആര്‍ പി എഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

Top