പൂഞ്ച് മേഖലയില്‍ പാക്ക് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ ഹെലിക്കോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയും ഹെലിക്കോപ്റ്റര്‍ പിന്‍വലിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നിയന്ത്രണ രേഖയുടെ ഒരു കിലോമീറ്ററിനുള്ളില്‍ ഹെലിക്കോപ്റ്ററുകള്‍ വരാന്‍ പാടില്ലെന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ധാരണ.

പാക്കിസ്ഥാന്‍ ഹെലിക്കോപ്റ്റര്‍ പൂഞ്ച് മലനിരകളുടെ ഉയരത്തില്‍ വരുന്നത് വീഡിയോയില്‍ വ്യക്തമാണ്. സാധാരണ ആയുധങ്ങളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. ആന്റി എയര്‍ക്രാഫ്റ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് തന്നെ പാക്കിസ്ഥാന്‍ ഹെലിക്കോപ്റ്റര്‍ പിന്‍വലിച്ചു.

അതിര്‍ത്തിയില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി എന്നതിന്റെ സൂചനകള്‍ വരുന്ന സമയത്താണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ പരസ്പര ധാരണകള്‍ ലംഘിക്കുന്നത്.

ഫെബ്രുവരിയിലും ഇതേ മേഖലയില്‍ തന്നെ പാക്കിസ്ഥാന്‍ നിയമ ലംഘനം നടത്തിയിരുന്നു. പാക് ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ ആകാശാതിര്‍ത്തി ലംഘിച്ച് 300 മീറ്ററോളം കഴിഞ്ഞ തവണ കടന്നുകയറി. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യയുടെ ആകാശാതിര്‍ത്തി കടന്ന് പാക് ഹെലിക്കോപ്റ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്. എന്നാല്‍, അന്ന് ഇരുവിഭാഗങ്ങളില്‍ നിന്നും പ്രകേപനപരമായ വെടിവയ്‌പ്പോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Top