Indian Army has decided to buy advanced T-90 battle tanks from Russia

ന്യൂഡല്‍ഹി: പാക്കിസ്ഥാന് നെഞ്ചിടിപ്പേറ്റി റഷ്യന്‍ നിര്‍മ്മിത ടി 90 ടാങ്കുകളുമായി ഇന്ത്യന്‍ സേന അതിര്‍ത്തിയിലേക്ക്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തികളില്‍ ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ചുട്ടമറുപടി നല്‍കാനാണ് രാത്രികളില്‍ പോലും ശത്രുപാളയം കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക റഷ്യന്‍ നിര്‍മ്മിത ടി 90 ടാങ്കുകള്‍ ഇന്ത്യന്‍ സേന സ്വന്തമാക്കുന്നത്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13,448 കോടി ചെലവിട്ടാണ് ആദ്യ ഘട്ടമായി 464 ടാങ്കുകള്‍ വാങ്ങുന്നത്. ടി 90 ടാങ്കുകളുള്ള 10 പുതിയ റെജിമെന്റുകളെ പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കും.

നിലവില്‍ ഇന്ത്യയുടെ പക്കല്‍ 850 ടി 90 ടാങ്കുകളുണ്ട് ഇവ 2020തോടെ 1657 ആയി ഉയര്‍ത്തും. 4000 ടാങ്കുകളുള്ള ഇന്ത്യന്‍ കരസേനക്ക് ടി 90 ടാങ്കിന്റെ വരവോടെ രാത്രികളില്‍ പോലും കൃത്യതയാര്‍ന്ന ആക്രമണത്തിലൂടെ ശത്രുതാവളങ്ങള്‍ തകര്‍ക്കാനാവും.

തെര്‍മല്‍ ഇമേജ് സംവിധാനമുള്ള രാത്രിയില്‍ പോലും സൈനികനീക്കത്തിനും ആക്രമണത്തിനും ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് റഷ്യന്‍ ടാങ്ക്. മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ടാങ്ക് കടുത്ത ചൂടിലും പൊടിപടലങ്ങളിലും ലക്ഷ്യത്തിലേക്ക് കൃത്യതയോടെ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ്.

ഇന്ത്യ റഷ്യയുമായി ഉണ്ടാക്കിയ സൈനികകരാര്‍ പ്രകാരം എസ് 400 ട്രിംഫ് വിമാനവേധ മിസൈലുകളും വാങ്ങുന്നുണ്ട്.

സിയാച്ചിന്‍ പോലുള്ള ഉയരംകൂടിയ യുദ്ധമേഖലകളിലേക്ക് ഉപയോഗിക്കുന്ന 200 കമോവ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ സംയുക്തമായി നിര്‍മ്മിക്കാനും റഷ്യയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

വ്യോമസേന സുക്കോയ് 30എം.കെ.ഐ കോംബാക്ട് എയര്‍ക്രാഫ്റ്റുകളും റഷ്യയില്‍ നിന്നും വാങ്ങുന്നുണ്ട്.

ഇന്ത്യയുമായി 60 വര്‍ഷം നീണ്ട റഷ്യയുടെ സൈനിക സഹകരണത്തിന് കരുത്തേകുന്നതാണ് ഈ കരാറുകള്‍. ഇന്ത്യന്‍ സേനക്കുള്ള ആയുധങ്ങളടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ 70 ശതമാനവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. 30 ശതമാനം മാത്രമാണ് അമേരിക്ക അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്നത്.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ഭൂമിയില്‍ നിന്നും പാക്കിസ്ഥാനെ തുരത്തിയത് ബൊഫേഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു. ഇപ്പോഴത്തെ പാക് വെടിവെപ്പിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ വിന്യസിക്കുന്നത് ടി 90 ടാങ്ക് റെജിമെന്റുകളെയാണ്.

Top