ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം; പാക് സേനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ഉറിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ഭീകരരുടെ സംഘത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയോടെയാണ് പാക് സേനയുടെ സഹായത്തോടെ ഇന്ത്യന്‍ മണ്ണിലേക്ക് ഭീകരര്‍ കടക്കാന്‍ ശ്രമിച്ചത്.

അതേസമയം, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും പാകിസ്ഥാന്റെ ഏത് തരം നീക്കങ്ങളും തടുക്കാന്‍ സൈന്യം തയ്യാറാണെന്നും ഔദ്യോഗിക സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സ്വതന്ത്രദിനത്തോടനുബന്ധിച്ച് കശ്മീരിലും മറ്റ് പ്രദേശങ്ങളിലും വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ബാരമുള്ള, ഉറി, അനന്ത്‌നാഗ് തുടങ്ങിയിടങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.

ഇതിനിടെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചിരുന്നു. കശ്മീരില്‍ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top