അതിർത്തിയിൽ കാട്ടിയത് ‘വിശ്വരൂപം’ ലോകത്തിന് ഇന്ത്യയുടെ സന്ദേശം . . . !

ന്ത്യന്‍ സൈനികരുടെ വീര്യത്തിനു മുന്നില്‍ പകച്ച് വീണ്ടും ചൈന. അതിര്‍ത്തിയില്‍, ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ശക്തമായ തിരിച്ചടി ഏറ്റിരിക്കുന്നത് ചൈനീസ് സേനക്കാണ്. സിക്കിമിലെ നാകുലയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. ഇതില്‍ 20 ചൈനീസ് സൈനികര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നുദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ ഏറെ വൈകിയാണ് പുറം ലോകം അറിഞ്ഞതെങ്കിലും റഷ്യയുടെയും അമേരിക്കയുടെയും ‘ചാരക്കണ്ണുകള്‍’ മുന്‍പ് തന്നെ ഈ സംഭവവും ഒപ്പിയെടുത്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും, ശത്രുക്കളെ ചെറുത്ത് തോല്‍പ്പിക്കുന്ന കരുത്താണ്, ഇന്ത്യന്‍ സൈന്യം പ്രകടമാക്കിയിരിക്കുന്നത്. ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നതും ഇതു തന്നെയാണ്. ചൈനയെ പോലുള്ള ഒരു രാജ്യത്തിന്റെ സൈന്യത്തെ ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് ലോകത്തിനിപ്പോള്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്.

ഒരു ചൈനീസ് പട്രോളിംഗ് സംഘം നിയന്ത്രണ രേഖ മുറിച്ചു കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈന്യം ചെറുത്തതോടെയാണ് ഏറ്റുമുട്ടലിന് കാരണമായിരിക്കുന്നത്. അതേസമയം, ഇരുഭാഗത്തുളളവരും ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള കരാര്‍ പാലിക്കാന്‍ ഇന്ത്യയും ചൈനയും നിലവിലെ അവസ്ഥയിലും തയ്യാറായിട്ടുണ്ട്. ചൈനീസ് സൈനികരുടെ കടന്നുകയറ്റം തടയാന്‍ കഴിഞ്ഞെന്നും അവരെ തുരത്താന്‍ കഴിഞ്ഞുവെന്നുമാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചിരിക്കുന്നത്.

സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ സൈനികരെയും ഇവിടേക്ക് ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 19,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നാകുല. കഴിഞ്ഞ മേയിലും ഇവിടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. അതിര്‍ത്തിയിലേക്ക് കടന്നുകയറാനുളള ചൈനീസ് നീക്കത്തെ തടഞ്ഞതോടെയാണ് അന്നും സംഘര്‍ഷമുണ്ടായിരുന്നത്. അതിര്‍ത്തി പ്രശ്‌നത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുളള ഒന്‍പതാംവട്ട സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വീണ്ടും ഒരിക്കല്‍ കൂടി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

 

2020 ജൂണില്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്. ചൈനയുടെ നഷ്ടം, ആ രാജ്യം ഇതുവരെ ഔദ്യോഗികമായി തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് സി.ഐ.എ അടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥുലാ ചുരത്തിനും സമീപമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നത്. ചൈന കയ്യേറിയ അതിര്‍ത്തിയില്‍ നിന്നും, പൂര്‍ണമായും ആ രാജ്യം പിന്‍വാങ്ങണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യത്തില്‍ സൈന്യമിപ്പോള്‍ നിലപാടും കടുപ്പിച്ചിട്ടുണ്ട്. അതിന്റെ സൂചനകൂടിയാണ് ഇപ്പോഴത്തെ ഏറ്റുമുട്ടല്‍.

 

സംഘര്‍ഷ സാദ്ധ്യതയുളള ചിലയിടങ്ങള്‍ സ്വന്തമാണെന്ന ഇരു രാജ്യങ്ങളുടെയും വാദങ്ങള്‍ പരിശോധനാ വിധേയമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ആരംഭത്തില്‍ ലഡാക്കിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഇന്ത്യയും ചൈനയും ഒരുലക്ഷം സൈനികരെയാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്നത്. ഒക്ടോബര്‍ 12ന് നടന്ന ഏഴാംവട്ട ചര്‍ച്ചയില്‍ ചൈന ഇന്ത്യയോട്, പാങ്ഗോംഗ് തടാകക്കരയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ അതിന് വഴങ്ങിയിരുന്നില്ല. ചൈന സൈനികരെ പിന്‍വലിച്ചാല്‍ ഇന്ത്യയും പിന്‍വലിക്കുമെന്നതാണ് രാജ്യത്തിന്റെ നിലപാട്. ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത ഈ നിലപാട് ചൈനയുടെ ശത്രു രാജ്യങ്ങള്‍ക്കും ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്.

 

Top