Indian Army can respond to any threat to national security: Gen Dalbir Singh

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഏത് ദൗത്യത്തിനും തയ്യാറാണെന്ന് പട്ടാള മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. ഇന്ത്യയെ ആക്രമിച്ചവര്‍ക്ക് അര്‍ഹമായ മറുപടി നല്‍കുമെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സൈനിക മേധാവിയുടെ പ്രസ്താവന.

അതേസമയം പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോട് നേരിട്ട് പ്രതികരിക്കാന്‍ ജനറല്‍ തയ്യാറായില്ല.

ജനുവരി രണ്ടിന് നടന്ന പഠാന്‍കോട്ട് ആക്രമണത്തില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല. വ്യത്യസ്ത സൈനിക വിഭാഗങ്ങളുടെ ഏകോപനത്തില്‍ പാളിച്ച ഉണ്ടായി എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

പഠാന്‍കോട്ട് ഓപ്പറേഷന്‍ എളുപ്പമുള്ളതായിരുന്നില്ലെന്നും ആളപായം കുറയ്ക്കാന്‍ കൂടുതല്‍ കരുതലോടെ നീങ്ങേണ്ടതായി വന്നെന്നും ഇന്ത്യന്‍ സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്റലിജന്‍സ് ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടും തീവ്രവാദികള്‍ എങ്ങനെ അകത്തുകടന്നു എന്നതാണ് പഠാന്‍കോട്ട് ആക്രമണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്നും ജനറല്‍ സിങ് പറഞ്ഞു.

Top