ഇന്ത്യന്‍ വംശജനായ ദിനേഷ് ഡിസൂസയ്ക്ക് ശിക്ഷാ ഇളവ് നല്‍കി

ന്യൂയോര്‍ക്ക്:ബറാക് ഒബാമയുടെ കാലത്തു നിരീക്ഷണ തടവിനു വിധിക്കപ്പെട്ട ഇന്ത്യന്‍ വംശജനു യുഎസില്‍ ശിക്ഷാ ഇളവ് നല്‍കി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഒബാമയുടെയും കനത്ത വിമര്‍ശകനും ഡോക്യുമെന്ററി സംവിധായകനുമായ ദിനേഷ് ഡിസൂസയ്ക്കാണു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശിക്ഷാ കാലാവധിയില്‍ ഇളവു നല്‍കിയിരിക്കുന്നത്.
യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫെഡറല്‍ ക്യാംപെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചതിനു ഡിസൂസയ്‌ക്കെതിരെ 2014ലാണു നിരീക്ഷണ തടവ് വിധിച്ചിരുന്നത്. ജയില്‍ശിക്ഷയ്ക്കു പകരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ദിനേഷ്. അഞ്ചു വര്‍ഷത്തേക്കായിരുന്നു ശിക്ഷ. എന്നാല്‍ ദിനേഷിനെ വളരെ മോശം രീതിയിലാണു നേരത്തേ സര്‍ക്കാര്‍ കൈകാര്യം ചയ്തിരുന്നതെന്ന പരാമര്‍ശത്തോടെയാണു ട്രംപ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചത്. പിഴ ഈടാക്കുന്നതിനു പകരം ഇത്തരമൊരു ശിക്ഷ നല്‍കിയത് ഭീകരമായിപ്പോയെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ കനത്ത അനുകൂലിയാണെങ്കിലും ഇരുവരും ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മൂന്നു മിനിറ്റു നേരം ദിനേഷുമായി സംസാരിച്ചെന്നും തീരുമാനത്തില്‍ അദ്ദേഹത്തിനു സന്തോഷമുണ്ടെന്നു വ്യക്തമായതായും ട്രംപ് പറഞ്ഞു. ക്യാംപെയ്ന്‍ ഫിനാന്‍സ് നിയമങ്ങള്‍ തെറ്റിച്ചെന്ന പേരില്‍ തിരഞ്ഞു പിടിച്ചു ശിക്ഷിക്കപ്പെട്ടതിന്റെ ഇരയാണു ദിനേഷെന്നും ട്രംപ് പറഞ്ഞു.

താന്‍ ചെയ്തതിന്റെയെല്ലാം ഉത്തരവാദിത്തം ദിനേഷ് ഏറ്റുപറഞ്ഞിരുന്നു. ശിക്ഷയുടെ ഭാഗമായുള്ള സാമൂഹ്യസേവനവും പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തിലാണു ശിക്ഷാ ഇളവു നല്‍കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു.

മുംബൈയില്‍ ജനിച്ച ദിനേഷ് ബെസ്റ്റ് സെല്ലറുകളായ ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്. 2012ല്‍ ഒബാമയ്‌ക്കെതിരെ പുറത്തിറക്കിയ ‘2016: ഒബാമാസ് അമേരിക്ക’ എന്ന ഡോക്യുമെന്ററി വന്‍ ഹിറ്റായിരുന്നു. സ്വന്തം പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം പുറത്തിറക്കിയത്. ആ വര്‍ഷം തന്നെ നിയമാനുസൃതമല്ലാത്ത വിധം തിരഞ്ഞെടുപ്പു ക്യാംപെയ്‌നു സ്വന്തം പേരില്‍ പണം ലഭ്യമാക്കിയതിനായിരുന്നു നടപടി. ഒബാമയ്ക്കും ഹിലറി ക്ലിന്റനുമെതിരെ ശക്തമായ ക്യാംപെയ്‌നും ഇക്കാലത്തു നടത്തിയിരുന്നു.

Top