അരുണാചലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മൂന്നു പേരുമായി കാണാതായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അരുണാചല്‍പ്രദേശില്‍ കാണാതായി.

ചൊവ്വാഴ്ച വൈകുന്നേരം പാപുംപരെ ജില്ലയിലെ സഗ്ലിയിലാണ് ഹെലികോപ്റ്റര്‍ കാണാതായത്. പ്രളയദുരിതാശ്വാസത്തിന് എത്തിയ സൈനിക ഹെലികോപ്റ്ററാണ് മൂന്നു പേരുമായി കാണാതായിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് സാഗ്ലിക്കും ഇറ്റാനഗറിനും ഇടയിലുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം തടസപ്പെട്ടതോടെ കുടുങ്ങിയ ആളുകളെ വ്യോമമാര്‍ഗം രക്ഷപെടുത്താനാണ് ഹെലികോപ്റ്റര്‍ എത്തിയത്. ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാരും ഒരു ഫ്‌ലൈറ്റ് എന്‍ജിനിയറുമാണ് ഉണ്ടായിരുന്നത്.

വൈകുന്നേരം 3.48 ന് സാഗ്ലിക്കു സമീപം പില്‍പതു ഹെലിപ്പാടില്‍നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ നഹാര്‍ലഗണ്‍ ഹെലിപ്പാടില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ ഹെലികോപ്റ്റര്‍ എത്തിയില്ല. ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നാലോടെ നഷ്ടപ്പെട്ടതായും പറയുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സഞ്ചരിച്ച ഹെലികോപ്റ്ററും ഇറ്റാനഗറിനു സമീപം അടിയന്തരമായി നിലത്തിറക്കിയിരുന്നു.

Top